ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടിൽ നിന്നും കണ്ടെത്തിയ ഇന്നോവ കാർ പോലീസിനെയും പരിസരവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. കാടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഈ കാറിനുള്ളിൽ നിന്നും ലഭിച്ചത് വലിയൊരു നിധി ശേഖരം തന്നെയാണ്. 52 കിലോ സ്വർണവും 10 കോടി രൂപയും ആണ് ഈ ഉപേക്ഷിക്കപ്പെട്ട കാറിൽ ഉണ്ടായിരുന്നത്.
എന്നാൽ സംഭവത്തിലെ രസകരമായ ട്വിസ്റ്റ് എന്താണെന്നാൽ ആദായനികുതി വകുപ്പിനെ വെട്ടിച്ച് ഒളിപ്പിക്കാൻ കൊണ്ടുപോയ പണവും സ്വർണവും ആണ് ഈ കാറിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഭോപ്പാലിലും ഇൻഡോറിലും ഉടനീളമുള്ള നിരവധി നിർമ്മാണ കമ്പനികളിൽ നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൻ്റെ പശ്ചാത്തലത്തിൽ പണവും സ്വർണവും കാറിനുള്ളിൽ ആക്കി കൊണ്ടുപോയി വനത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും നൂറോളം പോലീസുകാർ അടങ്ങുന്ന സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ മെൻഡോറി ഗ്രാമത്തിന് സമീപത്തെ വനത്തിൽ നിന്നും ഇന്നോവ കാർ കണ്ടെടുക്കുകയായിരുന്നു. വാഹനത്തിന്റെ ലോക്ക് തകർത്ത് ഉള്ളിൽ പരിശോധിച്ചപ്പോൾ 52 കിലോ സ്വർണവും 9.86 കോടി രൂപയും ആണ് കണ്ടെടുക്കാൻ കഴിഞ്ഞത്.








