ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മ്യൂസിയം യാഥാർത്ഥ്യമാക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ കൈകോർക്കുകയാണ്. മ്യൂസിയത്തിനായുള്ള കരാറിൽ ഇന്ത്യയുടെ നാഷണൽ മ്യൂസിയവും ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്റും ഒപ്പിട്ടു. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തൂ, യൂണിയൻ കൾച്ചർ സെക്രട്ടറി അരുണീഷ് ചൗള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം എന്നാണ് പുതിയ മ്യൂസിയത്തിന് പേരിട്ടിരിക്കുന്നത്. ഡൽഹിയിൽ നിലവിലുള്ള മ്യൂസിയത്തിന് പകരമായിട്ടായിരിക്കും ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഒരുങ്ങുക. റെയ്സിന ഹില്ലിലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാക്കി മാറുന്നത് ഭാരതത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രചോദനമാണെന്ന് ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ഇന്ത്യയുടെ മൃദുശക്തിയുടെ പ്രകടനമായിരിക്കും ഈ മ്യൂസിയം. ബ്രിട്ടീഷ് കാലത്തെ നമ്മുടെ ചരിത്ര അവശേഷിപ്പുകളെ ഫ്രാൻസിന്റെ സങ്കേതികവിദ്യയുടെ സഹായത്തോടെ പുനർനിർമിക്കുകയാണ് ലക്ഷ്യം. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഒരു സുപ്രധാനസഹകരണമായിരിക്കും യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം. ഇന്ത്യയുടെ അയ്യായിരം വർഷത്തെ ചരിത്രം പറയുന്നതായിരിക്കും ഈ മ്യൂസിയം. ഇന്ത്യയുടെ ആഗോള സാംസ്‌കാരിക നാഴികക്കല്ലായി ഈ മ്യൂസിയം മാറുമെന്നും എസ് ജയ ശങ്കർ പറഞ്ഞു.
കഴിഞ്ഞ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിലാണ് യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയത്തെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രം പുറത്ത് വിട്ടത്. 1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു ബേസ്‌മെന്റിലും മൂന്ന് നിലകളുമായി ഉയരുന്ന മ്യൂസിയത്തിൽ 950 മുറികളുണ്ടാകും.
Discussion about this post