പാലക്കാട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു.ആഭ്യന്തര വകുപ്പ് നേരിട്ട് പിണറായി വിജയൻ ഭരിക്കുന്നത് കൊണ്ട് തന്നെ, പാർട്ടിയിൽ പിണറായി വിജയനെതിരെ ഉയരുന്ന വിമർശനം കൂടുന്നതായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം നിർജീവമെന്ന് ഏരിയ സമ്മേളനത്തിൽ വിമർശനമുണ്ടായി. നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം സിപിഎമ്മിന് തിരികെപ്പിടിക്കാനാവില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണസമയത്ത് എൻ എൻ കൃഷ്ണദാസിൻ്റെ പരാമർശങ്ങൾ പലതും പാർട്ടിക്ക് എതിരായെന്നും പ്രതിനിധികൾ വിമർശിച്ചു.
അതിനിടെ, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമ൪ശനവുമായി സിപിഐ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ആശയക്കുഴപ്പങ്ങളുണ്ടായി. മുന്നണിയിൽ ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇതിന് മണ്ഡലത്തിലെ സിപിഎമ്മിൻ്റെ സംഘടനാ ദൗ൪ബല്യം കാരണമായെന്നുമാണ് വിമ൪ശനം.
Discussion about this post