ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബില്ലിൻ്റെ സംയുക്ത പാർലമെന്ററി സമിതി ഡിസംബർ 26, 27 തീയതികളിൽ യോഗം ചേരും. ഇതിനെ തുടർന്ന് നിർദിഷ്ട നിയമനിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചയുടെ ഭാഗമായി സംസ്ഥാന പ്രതിനിധികളിൽ നിന്ന് വാക്കാൽ തെളിവ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസങ്ങളിലാണ് വഖഫ് (ഭേദഗതി) ബില്ലിൽ ജെപിസിയുടെ കാലാവധി നീട്ടുന്നതിനുള്ള പ്രമേയത്തിന് ലോക്‌സഭ അംഗീകാരം നൽകിയത്. ഇതിനെ തുടർന്ന് 2025 ലെ ബജറ്റ് സമ്മേളനത്തിൻ്റെ അവസാനത്തോടെ റിപ്പോർട്ട് അവതരിപ്പിക്കണം എന്ന തീരുമാനത്തിലാണ് സഭ എത്തിയത്
ഡിസംബർ 26 ന് കർണാടക മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെയും ഡിസംബർ 27 ന് ഉത്തർപ്രദേശ്, ഒഡീഷ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെയും പ്രതിനിധികൾക്ക് പറയാനുള്ളത് സമിതി കേൾക്കും.
നേരത്തെ, ബുധനാഴ്ച അഖിലേന്ത്യ ഷിയ പേഴ്‌സണൽ ലോ ബോർഡ് അംഗങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി യോഗം ചേർന്നിരുന്നു. തുടർന്ന് വഖഫ് ബില്ലിൽ ബോർഡ് അംഗങ്ങളുടെ അഭിപ്രായം സമിതി കേൾക്കുകയുണ്ടായി.
വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന 1995-ലെ വഖഫ് നിയമം, കെടുകാര്യസ്ഥത, അഴിമതി, കയ്യേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഏറെക്കാലമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
രേഖകളുടെ ഡിജിറ്റൈസേഷൻ, മെച്ചപ്പെടുത്തിയ പരിശോധനകൾ , മെച്ചപ്പെട്ട സുതാര്യത, അനധികൃതമായി കൈവശപ്പെടുത്തിയ സ്വത്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള നിയമപരമായ സംവിധാനങ്ങൾ തുടങ്ങിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കാനാണ് വഖഫ് (ഭേദഗതി) ബിൽ, 2024 ലക്ഷ്യമിടുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ, വഖഫ് ബോർഡ് അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകളാണ് ജെപിസി നടത്തുന്നത്.
Discussion about this post