രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവന മെഡലുകളും പ്രഖ്യാപിച്ചു. പോലീസ്, അഗ്നിശമനസേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ജയിൽ വകുപ്പ് എന്നീ വിഭാഗങ്ങളിലായി ആകെ 982 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. ഇതിൽ 125 ധീരതാ മെഡലുകളും 101 രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകളും 756 സ്തുത്യർഹ സേവന മെഡലുകളും ഉൾപ്പെടുന്നു.
രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികരുടെയും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും അത്യുജ്ജ്വലമായ പോരാട്ടവീര്യത്തിനുള്ള അംഗീകാരമാണിത്. ജമ്മു കശ്മീർ പോലീസാണ് ഇത്തവണയും ധീരതയ്ക്കുള്ള പുരസ്കാരങ്ങളിൽ മുന്നിലെത്തിയത്. ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിൽ സജീവമായ കശ്മീർ പോലീസ് 33 മെഡലുകൾ സ്വന്തമാക്കി. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും രാജ്യത്തിൻ്റെ അതിർത്തി രക്ഷയിലും നിർണ്ണായക പങ്ക് വഹിക്കുന്ന സിആർപിഎഫ് ബിഎസ്എഫ് എന്നീ വിഭാഗങ്ങളും പുരസ്കാര നിറവിലാണ്.
മഹാരാഷ്ട്ര പോലീസിലെ 31 പേരും ഉത്തർപ്രദേശ് പോലീസിലെ 19 പേരും ധീരതാ മെഡലിന് അർഹരായി. ബിഹാറിൽ നിന്നുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എസ്ടിഎഫ് ഡിജിയുമായ കുന്ദൻ കൃഷ്ണനാണ് ഇത്തവണ ഗാലന്ററി അവാർഡ് ലഭിച്ച ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ. കേരളത്തിൽ നിന്നും അഭിമാനകരമായ നേട്ടങ്ങൾ ഇത്തവണയുണ്ട്. കേരളാ പോലീസിൽ നിന്ന് എസ്.പി. ഷാനവാസ് അബ്ദുൽ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു. കൂടാതെ, സ്തുത്യർഹ സേവനത്തിനായി കേരള പോലീസിലെ 10 ഉദ്യോഗസ്ഥർക്കും ഫയർഫോഴ്സിലെ 3 പേർക്കും ജയിൽ വകുപ്പിലെ 4 പേർക്കും മെഡലുകൾ ലഭിച്ചു. ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ വച്ച് ഈ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ‘ആത്മനിർഭർ ഭാരതും’ പ്രമേയമാകുന്ന ഇത്തവണത്തെ ആഘോഷങ്ങളിൽ ഈ വീരപോരാളികളുടെ സാന്നിധ്യം ഭാരതത്തിന്റെ കരുത്ത് വിളിച്ചോതുന്നതാകും.












Discussion about this post