കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങളുടെ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചില മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വികസന തുടർച്ചയ്ക്കായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നാണ് സി.പി.എം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവകരമാണെന്നും പാർട്ടി ഇതിൽ കർശന നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. രക്തസാക്ഷി ഫണ്ടിലെ ഒരു പൈസ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും. സജി ചെറിയാന്റെ വിവാദമായ വർഗ്ഗീയ പരാമർശത്തിൽ അദ്ദേഹം തന്നെ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞതിനാൽ പാർട്ടി കൂടുതൽ നടപടിക്ക് മുതിരില്ല. എന്നാൽ, വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങൾ പാർട്ടിയുടെ നയമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.എം. ഷാജി എകെജിക്കെതിരെ നടത്തിയത് തോന്നിവാസമാണെന്നും ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ നുണക്കഥകൾ ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പരിഹസിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ സോണിയ ഗാന്ധിയുടെ ഇടപെടലിനെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച കള്ളക്കഥകൾ പൊളിഞ്ഞുവെന്നും കോൺഗ്രസ് നേതാക്കൾ മതമൗലികവാദികളുമായി ചേർന്ന് രാജ്യവിരുദ്ധ ശക്തികൾക്ക് തുരങ്കം വെക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ഇളക്കിവിടാൻ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.













Discussion about this post