കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്തമായ മാതൃക തീർക്കുന്ന ഇവർക്ക് ലഭിച്ച് ഈ അംഗീകാരം പത്മ പുരസ്കാരങ്ങളുടെ ചരിത്രത്തിൽ ‘പീപ്പിൾസ് പത്മ’ എന്ന സങ്കല്പം എത്രത്തോളം അർത്ഥവത്താണെന്ന് തെളിയിക്കുന്നതാണ്. 92 വയസ്സിനിടയിലും പ്രകൃതിയെ മാറോടു ചേർത്തുപിടിക്കുന്ന ദേവകി അമ്മയ്ക്ക് ലഭിച്ച പുരസ്കാരം മുഴുവൻ മലയാളികൾക്കും അഭിമാനമായിരിക്കുകയാണ്. കൃഷി വകുപ്പിന്റെയോ സർക്കാരിന്റെയോ സഹായത്തിന് കാത്തുനിൽക്കാതെ, ‘പ്രകൃതിയാണ് ഈശ്വരൻ’ എന്ന് മനസിലുറപ്പിച്ച് അവർ നട്ടുനനച്ച അയ്യായിരത്തിലധികം വൃക്ഷങ്ങൾ ഇന്ന് ഒരു വലിയ ജൈവവ്യവസ്ഥയായി മാറിയിരിക്കുന്നു.
1980-ൽ ഉണ്ടായ ഒരു വാഹനാപകടമാണ് ദേവകി അമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്. മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന അവർക്ക് പിന്നീട് കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ സാധിച്ചില്ല. എന്നാൽ മനക്കരുത്ത് കൈവിടാതെ തന്റെ വീടിനോട് ചേർന്നുള്ള 4.5 ഏക്കറോളം വരുന്ന തരിശുഭൂമിയിൽ അവർ ഓരോ തൈകളായി നട്ടുതുടങ്ങി. ഈ നിശ്ചയദാർഢ്യം നാൽപ്പത് വർഷങ്ങൾക്കിപ്പുറം 3000-ത്തിലധികം വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ ഒരു കൊച്ചു വനമായി രൂപപ്പെട്ടു. ‘തപോവനം’ എന്ന് പേരിട്ടിരിക്കുന്ന ഈ വനം ഇന്ന് അനേകം പക്ഷികൾക്കും മൃഗങ്ങൾക്കും അപൂർവ്വ സസ്യങ്ങൾക്കും അഭയസ്ഥാനമാണ്.
ദേവകി അമ്മയുടെ വനത്തിൽ തേക്ക്, മഹാഗണി തുടങ്ങിയ വലിയ മരങ്ങൾ മാത്രമല്ല, കൃഷ്ണനാൽ, കയമ്പൂ തുടങ്ങിയ പുരാണങ്ങളുമായി ബന്ധപ്പെട്ട സസ്യങ്ങളും ലക്ഷ്മി തരു, അങ്കോലം തുടങ്ങിയ ഔഷധസസ്യങ്ങളും സമൃദ്ധമായി വളരുന്നു. പ്രകൃതിയെ ഈശ്വരനായി കണ്ട് സേവനം ചെയ്യുന്ന ഭാരതീയ ദർശനമാണ് ഇവിടെ നടപ്പിലാകുന്നത്. ആധുനിക കാലത്തെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനുള്ള ശ്രമങ്ങൾക്കും മഴവെള്ള സംഭരണത്തിനുമൊക്കെ പതിറ്റാണ്ടുകൾക്ക് മുൻപേ ദേവകി അമ്മ സ്വന്തം രീതിയിൽ പരിഹാരം കണ്ടിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി അവർ നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് രാജ്യം പലപ്പോഴായി അവരെ ആദരിച്ചിട്ടുണ്ട്:നാരി ശക്തി പുരസ്കാരം (2018): രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച വനിതകൾക്കായുള്ള രാജ്യത്തെ പരമോന്നത ബഹുമതി.ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്: വനവൽക്കരണത്തിനുള്ള കേന്ദ്ര സർക്കാർ അംഗീകാരം.വനമിത്ര അവാർഡ്: കേരള സർക്കാരിന്റെ പുരസ്കാരം.ഭൂമിമിത്ര പുരസ്കാരം: സ്വദേശി സയൻസ് കോൺഗ്രസ് നൽകിയ ആദരം, എന്നിവയെല്ലാം അവർക്ക് ലഭിച്ച അംഗീകാരങ്ങളിൽ ചിലത് മാത്രം.











Discussion about this post