ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാനെതിരെയുള്ള പ്രമേയത്തെ ഇന്ത്യ എതിർത്ത് വോട്ട് ചെയ്തതിൽ നന്ദി അറിയിച്ച് ഭാരതത്തിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫതാലി. ഭാരതത്തിന്റേത് നീതിക്കും ദേശീയ പരമാധികാരത്തിനും വേണ്ടിയുള്ള നിലപാടാണെന്നും രാഷ്ട്രീയ പ്രേരിതമായ പ്രമേയത്തെ എതിർത്ത ഭാരതത്തിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയായ എക്സിലൂടെ (X) വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 28 മുതൽ ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചാണ് യുഎൻഎച്ച്ആർസി 39-ാമത് പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അനുകൂലമായി 25 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങൾ എതിർക്കുകയും 14 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കാലാവധി നീട്ടാനും പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ, ഒരു രാജ്യത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രമേയങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും സുതാര്യമല്ലെന്നുമാണ് ഭാരതത്തിന്റെ നിലപാട്.
ഇറാനിലെ സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുന്നതിനിടെ ഭാരത വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിയൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ചിയും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. ചബഹാർ തുറമുഖം പോലുള്ള തന്ത്രപ്രധാനമായ പദ്ധതികളിൽ ഭാരതത്തിന് വലിയ താൽപ്പര്യമുള്ളതിനാൽ ഇറാന്റെ സുരക്ഷയും ഭാരതത്തിന് നിർണ്ണായകമാണ്.










Discussion about this post