കോൺഗ്രസ് മുൻ അദ്ധ്യക്ഷനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ കേന്ദ്രമന്ത്രി ഷക്കീൽ അഹമ്മദ്. രാഹുൽ ഗാന്ധി ഒരു ഭീരുവാണെന്നും സ്വന്തം സ്ഥാനത്തെക്കുറിച്ച് എപ്പോഴും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു. മുതിർന്ന നേതാക്കളോടും ജനപിന്തുണയുള്ളവരോടും രാഹുലിന് അസഹിഷ്ണുതയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ജനാധിപത്യ വിരുദ്ധനായാണ് പെരുമാറുന്നതെന്നും ഷക്കീൽ അഹമ്മദ് പറഞ്ഞു.
കോൺഗ്രസിന്റെ പരമ്പരാഗത കോട്ടയായ അമേഠിയിൽ 2019-ൽ രാഹുൽ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള നിലപാടുകൾ കാരണമാണെന്നും ബിഹാറിൽ നിന്നുള്ള ഈ മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നും ‘വോട്ട് മോഷ്ടിക്കപ്പെട്ടു’ എന്നും രാഹുൽ ആരോപിക്കുന്നത് തോൽവി സമ്മതിക്കാനുള്ള മടികൊണ്ടാണെന്നും ഷക്കീൽ അഹമ്മദ് പരിഹസിച്ചു. ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷക്കീൽ അഹമ്മദിന്റെ പ്രസ്താവന പുറത്തുവന്നതോടെ രാഹുൽ ഗാന്ധിക്കെതിരെ കടന്നാക്രമണവുമായി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം ഇതോടെ തുറന്നുകാട്ടപ്പെട്ടുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. രാഹുൽ ഗാന്ധി ഏറ്റവും വലിയ ജനാധിപത്യവാദിയായി നടിക്കുകയാണെന്നും എന്നാൽ യഥാർത്ഥത്തിൽ ഇന്ദിരാ ഗാന്ധിയുടെ അതേ അടിയന്തരാവസ്ഥാ മാനസികാവസ്ഥയുള്ള ഏകാധിപതിയാണ് അദ്ദേഹമെന്നും പൂനവല്ല വിമർശിച്ചു. സ്വന്തം പരാജയത്തിന്റെ പഴി മറ്റുള്ളവരുടെ മേൽ ചാരുന്ന രാഹുലിന്റെ രീതിയാണ് മുൻ കോൺഗ്രസ് ജനറൽ സെക്രട്ടറി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി. നെഹ്രു കുടുംബത്തിന്റെ അപ്രമാദിത്യം അംഗീകരിക്കാത്ത നേതാക്കളെ പാർട്ടിയിൽ നിന്ന് പുകച്ചു പുറത്താക്കുന്ന നയമാണ് രാഹുൽ തുടരുന്നതെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്.









Discussion about this post