ന്യൂഡൽഹി : രാജ്യത്തെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്ന് പ്രഖ്യാപിച്ച് വിശ്വ ഹിന്ദു പരിഷത്ത്. വി എച്ച് പി സംഘടനാ ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ വാർത്ത സമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാന സർക്കാരുകൾ ഹിന്ദു സമൂഹത്തോട് വിവേചനം തുടരുന്ന പശ്ചാത്തലത്തിലാണ് വിഎച്ച്പിയുടെ ഈ തീരുമാനം.
ക്ഷേത്ര വിമോചനത്തിനായി രാജ്യമൊട്ടാകെ പൊതുജന ബോധവൽക്കരണ ക്യാമ്പയിൻ ആണ് വിഎച്ച്പി ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളുടെ ഭരണം, നിയന്ത്രണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും സംസ്ഥാന സർക്കാരുകൾ മാറിനിൽക്കണമെന്നും മിലിന്ദ് പരാണ്ഡെ ആവശ്യപ്പെട്ടു. ജനുവരി അഞ്ച് മുതലായിരിക്കും വിശ്വ ഹിന്ദു പരിഷത്ത് ക്യാമ്പയിൻ ആരംഭിക്കുക.
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നും ഹിന്ദു ശംഖാരവം എന്ന മഹാ സമ്മേളനത്തോടെ ആണ് പ്രചാരണത്തിന് തുടക്കമാകുക.
സന്ന്യാസിമാരുടെയും ഹിന്ദു സമൂഹത്തിലെ പ്രമുഖരുടെയും നേതൃത്വത്തിൽ ആയിരിക്കും രാജ്യവ്യാപകമായി ക്യാമ്പയിൻ നടക്കുന്നത്.
“രാജ്യത്തെ ഹിന്ദുവിരുദ്ധ നീക്കങ്ങൾ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും തുടരുകയാണ്. ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത്. ഹൈക്കോടതികളും സുപ്രീംകോടതികളും സൂചിപ്പിച്ചിട്ട് പോലും ക്ഷേത്രങ്ങൾ ഹിന്ദു സമൂഹത്തിന് കൈമാറാൻ പല സംസ്ഥാന സർക്കാരുകളും തയ്യാറാകുന്നില്ല. ക്ഷേത്രങ്ങൾ സർക്കാരുകളിൽ നിന്നും വിട്ടു കിട്ടുന്നതിനായുള്ള തുടർനടപടികൾക്കായി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകർ, വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, സംന്യാസിമാർ, വിശ്വ ഹിന്ദു പരിഷത്ത് ഭാരവാഹികൾ എന്നിവരടങ്ങുന്ന ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കരട് തയാറാക്കിയിട്ടുണ്ട്” എന്നും വിഎച്ച്പി സംഘടനാ ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ വ്യക്തമാക്കി.
ക്ഷേത്ര വിമോചനം ആവശ്യപ്പെട്ട് നേരത്തെ വിഎച്ച്‌പി രാജ്യത്തെ എല്ലാ ഗവർണർമാർക്കും നിവേദനം സമർപ്പിച്ചിരുന്നു. ക്ഷേത്രങ്ങളിലെ വരുമാനം ഹിന്ദു ധർമ്മ പ്രചാരണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ചെലവഴിക്കണം, ഈശ്വര വിശ്വാസവും ഭക്തിയും ഉള്ള ഹിന്ദുക്കളെ മാത്രമേ ക്ഷേത്രങ്ങളിൽ ജോലിക്ക് എടുക്കാവൂ, ക്ഷേത്രങ്ങളിലും എൻഡോവ്‌മെൻ്റ് വകുപ്പുകളിലും നിയമിക്കപ്പെട്ട എല്ലാ അഹിന്ദുക്കളെയും പിരിച്ചുവിടണം, ക്ഷേത്രഭൂമിയിലെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യണം, രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള ആളുകളെ ക്ഷേത്ര ട്രസ്റ്റുകളിലും ക്ഷേത്രങ്ങളുടെ ഭരണത്തിലും ഉൾപ്പെടുത്തരുത് എന്നീ ആവശ്യങ്ങളായിരുന്നു ഈ നിവേദനത്തിൽ ഉന്നയിച്ചിരുന്നത്.
Discussion about this post