ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് വിടവാങ്ങിയിരിക്കുകയാണ്. 2004 മുതൽ 2014 വരെ രാജ്യത്തിൻ്റെ പരമോന്നത സ്ഥാനം വഹിച്ച ആദരണീയ വ്യക്തിയാണ് ഡോ. മൻമോഹൻ സിംഗ്. 2024 ഏപ്രിലിൽ വിരമിക്കുന്നതുവരെ അദ്ദേഹം രാജ്യസഭാംഗമായി തുടർന്നു.
1991-1996 കാലഘട്ടത്തിൽ പി വി നരസിംഹ റാവുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായിരിക്കെ, സോഷ്യലിസ്റ്റ് കാലത്തെ നയങ്ങളിൽ നിന്ന് ഇന്ത്യയെ ഉദാരവൽക്കരിച്ച സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയത് മൻമോഹൻ സിംഗ് ആയിരുന്നു.
1932 സെപ്തംബർ 26 ന് പഞ്ചാബിലാണ് ഡോ. മൻമോഹൻ സിംഗ് ജനിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും വിദഗ്ധനായിരുന്നു അദ്ദേഹം . സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേംബ്രിഡ്ജ് സർവകലാശാലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം. 1957-ൽ സാമ്പത്തിക ട്രിപ്പോസ് പൂർത്തിയാക്കി, പിന്നീട് 1962-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ കരസ്ഥമാക്കി.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായാണ് മൻമോഹൻ സിംഗ് തന്റെ പ്രൊഫഷൻ ആരംഭിച്ചിരുന്നത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം 1971-ൽ വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവ് ആയാണ് ആദ്യ സ്ഥാനം വഹിക്കുന്നത്. താമസിയാതെ 1972-ൽ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. UNCTAD സെക്രട്ടേറിയറ്റിലും 1987 മുതൽ 1990 വരെ ജനീവയിലെ സൗത്ത് കമ്മീഷൻ സെക്രട്ടറി ജനറലായും അന്താരാഷ്ട്ര തലത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി, ആസൂത്രണ കമ്മീഷൻ്റെ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേശകൻ, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ ചെയർമാൻ എന്നിങ്ങനെ നിരവധി പദവികളും മൻമോഹൻ സിംഗ് അലങ്കരിച്ചിട്ടുണ്ട്.
Discussion about this post