മുതിർന്ന നേതാവ് മണിശങ്കർ അയ്യരുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മുൻ പഞ്ചാബ് എംഎൽഎയും നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയുമായ നവ്ജ്യോത് കൗർ സിദ്ദു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദവി അർഹിക്കുന്നില്ലെന്ന് തുറന്നടിച്ച കൗർ, പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായും പ്രഖ്യാപിച്ചു. പഞ്ചാബിൽ കോൺഗ്രസ് നേതൃത്വം പാർട്ടിയെ നശിപ്പിക്കുന്നത് രാഹുൽ ഗാന്ധി അറിയുന്നില്ലെന്നും എട്ടുമാസമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ സമയം ചോദിച്ചിട്ടും രാഹുൽ അനുവദിച്ചില്ലെന്നും കൗർ ആരോപിച്ചു.
“രാഹുൽ ഗാന്ധി നന്നായി സംസാരിക്കാറുണ്ട്. പറയുന്ന കാര്യങ്ങളിൽ അർത്ഥവുമുണ്ട്. എന്നാൽ അദ്ദേഹം പ്രവർത്തിക്കുന്നത് മറിച്ചാണ്. കഴിഞ്ഞ എട്ടുമാസമായി പഞ്ചാബ് കോൺഗ്രസിലെ അവസ്ഥ അദ്ദേഹത്തെ ബോധിപ്പിക്കാൻ ഞാൻ ശ്രമിക്കുകയാണ്. പഞ്ചാബ് പിസിസി അധ്യക്ഷൻ പാർട്ടിയെ കൊലപ്പെടുത്തുകയാണ്. സ്വന്തം പാർട്ടി നശിക്കുന്നത് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരാൾ നേതൃസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല,” നവ്ജ്യോത് കൗർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നേരത്തെ 500 കോടി രൂപ നൽകിയാണ് പഞ്ചാബ് മുഖ്യമന്ത്രി കസേരയിലെത്തിയതെന്ന പരാമർശത്തിന്റെ പേരിൽ നവ്ജ്യോത് കൗറിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടാനുള്ള തീരുമാനം.
പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് നവ്ജ്യോത് കൗർ ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് കണ്ട ഏറ്റവും കഴിവുകെട്ട, അഴിമതിക്കാരനായ പ്രസിഡന്റാണ് വാറിംഗ് എന്ന് കൗർ വിശേഷിപ്പിച്ചു. ജയിൽവാസം ഒഴിവാക്കാൻ വാറിംഗ് മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നും ആം ആദ്മി പാർട്ടിയുമായി ചേർന്ന് കോൺഗ്രസിനെ വിറ്റുതുലയ്ക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. നവ്ജ്യോത് സിംഗ് സിദ്ദുവിനെ പരാജയപ്പെടുത്താൻ അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയുമായി ചേർന്ന് പ്രവർത്തിച്ച നേതാക്കൾക്ക് പാർട്ടിയിൽ വലിയ പദവികൾ നൽകി ആദരിക്കുകയാണ് വാറിംഗ് ചെയ്തതെന്നും കൗർ എക്സിലൂടെ (X) ആരോപിച്ചു.
മണിശങ്കർ അയ്യരുടെ വിസ്ഫോടനാത്മകമായ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് നവ്ജ്യോത് കൗറിന്റെ രാജി. “ഞാൻ ഒരു ഗാന്ധിയനാണ്, നെഹ്റൂവിയനാണ്, രാജീവിയനുമാണ്. പക്ഷേ ഞാൻ ഒരു രാഹുലിയൻ അല്ല,” എന്നായിരുന്നു അയ്യരുടെ പ്രതികരണം. കോൺഗ്രസിനെ ‘പരസ്പരം കടിക്കുന്ന തേളുകളുടെ കൂട്ടം’ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് വലിയ നേതൃപ്രതിസന്ധി നേരിടുമ്പോൾ പഞ്ചാബിലെ ഈ പൊട്ടിത്തെറി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ അടിത്തറ ഇളക്കുമെന്നുറപ്പാണ്.












Discussion about this post