ഐഫോണിന്റെ നാലാം തലമുറ അതായത് ഐഫോണ്‍ എസ്ഇ 4 വരാനിരിക്കുകയാണ്. എന്നാല്‍ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയേക്കാള്‍ വില എസ്ഇ 4ന് നല്‍കേണ്ടിവന്നേക്കുമെന്നാണ് ഐഫോണ്‍ പ്രേമികളെ ഞെട്ടിക്കുന്ന പുതിയ റിപ്പോര്‍ട്ട്.
ഐഫോണ്‍ എസ്ഇ4ന്റെ ബേസ് മോഡലിന് ഏകദേശം 42,000 രൂപയായിരിക്കും വില എന്നാണ് ആപ്പിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ ബ്ലോഗ് പോസ്റ്റ്. 2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ 3യ്ക്ക് ഏകദേശം 35,000 രൂപയായിരുന്നു 64 ജിബി ബേസ് മോഡലിന്റെ വില. 35,000 രൂപ തന്നെയായിരിക്കും ഐഫോണ്‍ എസ്ഇ4ന്റെയും തുടക്ക വില എന്ന സൂചന മുമ്പുണ്ടായിരുന്നു.
എന്തുകൊണ്ട് വില
മിഡ്-റേഞ്ച് ഫോണെങ്കിലും 48 എംപി ക്യാമറ അടക്കം പ്രീമിയം തലത്തിലുള്ള ഫീച്ചറുകള്‍ ഐഫോണ്‍ എസ്ഇ 4ല്‍ ഉള്‍പ്പെടുത്തുന്നതാണ് വില കൂടാന്‍ ഇടയാക്കുക. ഐഫോണ്‍ 14ന്റെ അതേ ഡിസൈനിലാണ് ഐഫോണ്‍ എസ്ഇ 4 വരികയെന്നും ഇതിന് 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയും എഐ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ കരുത്തുറ്റ എ18 ചിപ്പും ഉണ്ടാകുമെന്നും നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ട്.
ചരിത്രത്തിലാദ്യമായി ഫേസ് ഐഡി ഉള്‍പ്പെടുന്ന ഐഫോണ്‍ എസ്ഇ ഫോണ്‍, 48 മെഗാപിക്സലിന്റെ ഒറ്റ റീയര്‍ ക്യാമറ (എസ്ഇ 3ലുണ്ടായിരുന്നത് 12 എംപി ക്യാമറ), 12 എംപി സെല്‍ഫി ക്യാമറ, 3729 എംഎഎച്ച് ബാറ്ററി, യുഎസ്ബി-സി പോര്‍ട്ട് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 4ല്‍ പ്രതീക്ഷിക്കാം.
Discussion about this post