കൊച്ചി ∙ വേണ്ട സമയത്ത് തുക സമാഹരിച്ചു നൽകിയിരുന്നെങ്കിൽ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാൻ സാധിക്കുമായിരുന്നു എന്ന് റിപ്പോർട്ട്. രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
2021മുതൽ ആണ് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ആക്‌ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നത് . ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാൽ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാൾ ഉൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചർച്ചയാരംഭിക്കാൻ 40,000 യുഎസ് ഡോളർ വേണമെന്നു സാമുവൽ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു.
ആദ്യഘട്ടമായി നൽകേണ്ട 20,000 ഡോളറിൽ 19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറി. എന്നാൽ തുകയുടെ വിനിയോഗം സംബന്ധിച്ചു കൃത്യമായ വിവരം വേണമെന്നു കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടതോടെ രണ്ടാം ഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. ഇതോട് കൂടിയാണ് നിമിഷപ്രിയക്ക് വധശിക്ഷ ലഭിക്കുന്ന തീരുമാനത്തിലേക്ക് നീങ്ങിയത്. ഒരുമാസത്തിനകം വധശിക്ഷ നടപ്പിലാക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25-ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുകയാണ് നിമിഷ. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു
Discussion about this post