ചൈനയുമായുള്ള വ്യാപാര കരാർ: കാനഡയ്ക്ക് 100% നികുതി ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്ചൈനയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ കാനഡയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ രൂക്ഷമായി വിമർശിച്ച ട്രംപ്, കാനഡയെ ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ‘ഡ്രോപ്പ് ഓഫ് പോർട്ട്’ ആക്കാൻ അനുവദിക്കില്ലെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ചൈനയുമായി കാനഡ കരാറുണ്ടാക്കിയാൽ, അമേരിക്കയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100 ശതമാനം തീരുവ ചുമത്തും. ചൈന കാനഡയെ പൂർണ്ണമായും വിഴുങ്ങുമെന്നും അവിടുത്തെ ബിസിനസുകളെയും സാമൂഹിക ഘടനയെയും ജനങ്ങളുടെ ജീവിതരീതിയെയും അത് തകർക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കാനഡ അമേരിക്കയെ ആശ്രയിച്ചാണ് കഴിയുന്നതെന്നും പ്രധാനമന്ത്രി മാർക്ക് കാർണി അത് മറക്കരുതെന്നും ട്രംപ് നേരത്തെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലും പരിഹസിച്ചിരുന്നു
അമേരിക്കയുമായുള്ള സാമ്പത്തിക ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചൈനയുമായി ‘പുതിയ തന്ത്രപ്രധാന പങ്കാളിത്തം’ എന്ന പേരിൽ കാനഡ ലാൻഡ്മാർക്ക് കരാറിൽ ഒപ്പിട്ടത്. ഇതനുസരിച്ച് കാനഡയുടെ പ്രധാന കാർഷിക ഉൽപ്പന്നമായ കനോല വിത്തുകളുടെ നികുതി ചൈന വൻതോതിൽ കുറയ്ക്കും. നിലവിലുള്ള 84 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്കാണ് നികുതി കുറയുന്നത്. കൂടാതെ കനേഡിയൻ പൗരന്മാർക്ക് ചൈന വിസ രഹിത പ്രവേശനം അനുവദിക്കുകയും ചെയ്യും.
പകരമായി, ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) കാനഡ വിപണി തുറന്നുകൊടുക്കും. 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ വെറും 6.1 ശതമാനം നികുതി നിരക്കിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കരാറിൽ വ്യവസ്ഥയുള്ളത്. നേരത്തെ 100 ശതമാനമായിരുന്നു ചൈനീസ് ഇവികൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന നികുതി. ഈ തീരുമാനമാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. കാനഡ വഴി ചൈനീസ് ഉൽപ്പന്നങ്ങൾ കുറഞ്ഞ നികുതിയിൽ അമേരിക്കൻ വിപണിയിലേക്ക് എത്തുന്നത് തടയുകയാണ് ട്രംപിന്റെ ലക്ഷ്യം. ഗ്രീൻലാൻഡ് വിഷയത്തിലും അമേരിക്കൻ പ്രതിരോധ പദ്ധതിയായ ‘ഗോൾഡൻ ഡോമിനോടും’ കാനഡ സ്വീകരിച്ച നിലപാടുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്











Discussion about this post