തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയാരെന്ന തർക്കം ഒരുകാരണവശാലും ഇപ്പോൾ ഉണ്ടാകരുതെന്നാണ് പ്രധാന നിർദ്ദേശം. ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന തീരുമാനം കൈക്കൊള്ളാൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ടെന്നും രാഹുൽ ഗാന്ധി നേതാക്കളെ ഓർമ്മിപ്പിച്ചു.
കൂട്ടായ നേതൃത്വമായിരിക്കണം പ്രചാരണത്തിനിറങ്ങേണ്ടത്. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമായുണ്ട്. ജനങ്ങൾ യുഡിഎഫിന് ഒരവസരം നൽകാൻ സന്നദ്ധമാണ്. നേതൃത്വത്തിൽ അഭിപ്രായഭിന്നതയുണ്ടെന്നുവന്നാൽ ജനങ്ങൾ അംഗീകരിക്കില്ല.
പ്രചാരണസമിതി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയോഗിച്ചേക്കും. നേരത്തേ അദ്ദേഹം ഈ ചുമതലയിലുണ്ടായിരുന്നു. 27-ന് തിരഞ്ഞെടുപ്പുസമിതി യോഗം നിശ്ചയിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരണഘടനപ്രകാരം തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർഥികളെ കണ്ടെത്തേണ്ടത്. സ്‌ക്രീനിങ് കമ്മിറ്റി ഉടൻ ചേരും.
സമാന്തരമായി ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനചർച്ചയും നടക്കും. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര തുടങ്ങുംമുൻപ് കുറെ സീറ്റുകളിലെങ്കിലും സ്ഥാനാർഥികളെ നിശ്ചയിക്കണമെന്ന ലക്ഷ്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.













Discussion about this post