തിരുവനന്തപുരം; ഇന്ത്യയിൽ ആദ്യമായി സ്വന്തമായൊരു ‘സംസ്ഥാന സൂക്ഷ്മാണു’വിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം . ‘ബാസിലസ് സബ്‌റ്റിലിസ്’ (Bacillus subtilis) എന്ന ബാക്ടീരിയയെയാണ് സംസ്ഥാനത്തിന്റെ സ്വന്തം സൂക്ഷ്മാണുവായി തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം ‘സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം’ എന്ന സ്ഥാപനവും നാടിന് സമർപ്പിച്ചു. ബാക്ടീരിയകൾ എല്ലാം രോഗകാരികളാണെന്ന പൊതുധാരണ മാറ്റുക, മനുഷ്യർക്കും പ്രകൃതിക്കും ഉപകരിക്കുന്ന ‘നല്ല ബാക്ടീരിയ’കളെക്കുറിച്ച് (Good Microbes) ജനങ്ങളിൽ ശാസ്ത്രീയ അവബോധം വളർത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
മണ്ണിലും സസ്യങ്ങളിലും, അതുപോലെ മനുഷ്യന്റെയും മൃഗങ്ങളുടെയും ദഹനവ്യവസ്ഥയിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരിനം ബാക്ടീരിയയാണിത് ബാസിലസ് സബ്‌റ്റിലിസ് . പുളിപ്പിച്ച ഭക്ഷണങ്ങളിലും ഇത് കാണപ്പെടുന്നു. കൃഷിയിൽ ജൈവവളമായും, ഔഷധ നിർമ്മാണത്തിലും, ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക് ആയും ഇത് ഉപയോഗിക്കാറുണ്ട്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരു സൂക്ഷ്മാണുവിനെ ഔദ്യോഗികമായി അംഗീകരിക്കുന്നത്. ശാസ്ത്രരംഗത്തെ കേരളത്തിന്റെ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.













Discussion about this post