കണ്ണൂർ: കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. വണ്ടിക്ക് സാങ്കേതിക തകരാർ എന്നായിരുന്നു ഡ്രൈവറുടെ വാദം. ഇത് തെറ്റാണെന്നും അപകടകാരണം ഡ്രെെവറുടെ അശ്രദ്ധയാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാദ്ധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥൻ റിയാസ് പറയുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. അതേസമയം റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്നും ആരോപണം ഉയരുന്നുണ്ട്.
വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. രണ്ടു തവണ ബസ് മലക്കം മറിഞ്ഞു. ബസിന്റെ മുൻസീറ്റിലിരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു. നേദ്യയുടെ ദേഹത്തേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ബസുയർത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
ബസ്സ് ഡ്രൈവർ അപകടം നടന്ന സമയത്ത് സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്ത വാർത്തയും ഇതിനിടെ പുറത്ത് വന്നിരുന്നു. സ്റ്റാറ്റസ് നേരത്തെ ഇട്ടതാണെന്നും അപ്പോൾ മാത്രമാണ് അപ്ലോഡ് ആയതെന്നുമാണ് ഇയാളുടെ വാദം. അതെ സമയം ഇയാൾ മദ്യപാനിയാണെന്ന ആരോപണവും നാട്ടുകാരിൽ ചിലർ ഉയർത്തുന്നുണ്ട്
Discussion about this post