തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ രംഗത്തെത്തി മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ചോദിച്ചു. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു. പ്രതിഭ എംഎൽഎ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം.
പുക വലിച്ചെന്ന് എഫ്ഐആറിൽ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിച്ചു. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കിൽ തെറ്റാണ്. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും’ മന്ത്രി പറഞ്ഞു.
പ്രതിഭ എംഎൽഎയുടെ മകൻ പോളിടെക്നിക്കിൽ പഠിക്കുകയാണ്. കുട്ടികൾ കൂട്ടുകൂടണ്ടേ. ഇച്ചിരി വർത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്ഐആർ ഞാൻ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാൻ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാൻ പേടിയൊന്നുമില്ല. പണ്ട് ജയിലിൽ കിടക്കുമ്പോൾ പഠിച്ചതാ. എം ടി വാസുദേവൻ നായർ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്’, എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.
Discussion about this post