ഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്നു പിന്‍വലിക്കുന്ന തുകയ്ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ നിലപാട് പാര്‍ലമന്റിനെ അറിയിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു. തീരുമാനം എല്ലാവര്ക്കും പെന്ഷന് ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിന്റെ 60 ശതമാനത്തിന് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശം വ്യാപക പ്രതിഷേധം ഉയരുകയും തൊഴിലാളി സംഘടനകള്‍ സമരഭീഷണി മുഴക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപിച്ച തുകയ്ക്കുമേല്‍ നികുതി ചുമത്തില്ലെന്നും അതിന്റെ പലിശയുടെ 60 ശതമാനത്തിനേ നികുതി ഈടാക്കൂ എന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ ചൊവ്വാഴ്ച വിശദീകരണം നല്‍കിയിരുന്നു.
എന്നാല്‍ വൈകിട്ട് ധനമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ ഇതിന്മേല് വ്യക്തമായ ഉറപ്പു നല്‍കിയില്ല. സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പി.എഫ്. തുകയുടെ 60 ശതമാനം ആന്വിറ്റികളില്‍ നിക്ഷേപിച്ച് സ്ഥിരമായ പെന്ഷന് ഉറപ്പാക്കാനാണ് ബജറ്റില്‍ പുതിയ നിര്‍ദേശം കൊണ്ടുവന്നതെന്ന് പ്രസ്താവന വിശദീകരിച്ചു. 60 ശതമാനം തുകയും ആന്വിറ്റിയില്‍ നിക്ഷേപിക്കുമ്പോള്‍ അതിന് നികുതി ഈടാക്കില്ല. ആന്വിറ്റിയില്‍ നിക്ഷേപിക്കുന്ന വ്യക്തി മരിച്ചാല്‍ അനന്തരാവകാശിക്ക് തുക ലഭിക്കുമ്പോള്‍ അതിന്മേലും നികുതിയുണ്ടാവില്ല.
നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പുനപരിശോധിക്കുമെന്ന് ധനമന്ത്രാലയം സൂചന നല്‍കിയിരുന്നു. നിലവില്‍ പ്രോവിഡന്റ് ഫണ്ടിലെ പണം പിന്‍വലിക്കുമ്പോള്‍ ഒരു തരത്തിലുള്ള നികുതിയും ഈടാക്കാറില്ല.
Discussion about this post