ഡല്‍ഹി: ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്. മണി. ഏറ്റുമുട്ടല്‍ അന്വേഷിച്ച സി.ബി.ഐ ഐ.ജി സതീഷ് വര്‍മ ചോദ്യം തന്നെ ശാരീരികമായി പീഡിപ്പിച്ചതായി മണി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആഭ്യന്തര വകുപ്പിന് വേണ്ടി കോടതിയില്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത് മണിയാണ്. ഫയലില്‍ താന്‍ എഴുതിയ കുറിപ്പ് മേല്‍ ഉദ്യോഗസ്ഥരില്‍ അസ്വസ്തതയുണ്ടാക്കിയെന്ന് മണി പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ പല വിവരങ്ങളും തെറ്റായ രീതിയിലാണ് ചോദ്യം ചെയ്യുന്നതിനിടെ അവതരിപ്പിച്ചത്. മോശമായി പെരുമാറിയ വര്‍മ സിഗററ്റ് കൊണ്ട് തന്റെ തുടയില്‍ പൊള്ളിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഒളിപ്പിച്ച് വച്ചു. അന്വേഷണ സംഘം എന്തിനാണ് തന്നെ ചോദ്യം ചെയ്തതെന്ന് അറിയില്ലെന്നും മണി പറഞ്ഞു.
ഇസ്രത് ജഹാന്റെ പൂര്‍വകാലത്തെ കുറിച്ചുള്ള വിവരങ്ങള്‍, താമസിച്ച സ്ഥലം, ആയുധങ്ങള്‍ സംഘടിപ്പിച്ചത് തുടങ്ങിയവ വിവരങ്ങള്‍ ആദ്യ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, രണ്ടാമത്തെ സത്യവാങ്മൂലം പൂര്‍ണമായി മാറി. ഇത് തയാറാക്കിയത് ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ്. ഇതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഇത് ആഭ്യന്തര സെക്രട്ടറിയുടെ അറിവോടെയല്ലെന്നും മണി പറയുന്നു.
ഏറ്റുമുട്ടല്‍ എന്നതിനു പകരം വെടിവെയ്‌പ്പെന്നാണ് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചത്. നിയമ പ്രകാരം, ഉത്തരവ് ലഭിച്ചാല്‍ അത് നടപ്പിലാക്കുകയാണ് തന്റെ ചുമതല. അതുകൊണ്ടാണ് രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ ഒപ്പ് വച്ചത്- അദ്ദേഹം പറഞ്ഞു.
Discussion about this post