എറണാകുളം: എംഡിഎംഎയുമായി യുവതിയും യുവാവും പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരാണ് പിടിയിലായത്. 100 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടുയത്. റൂറൽ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.
യുവതിയുടെ പാന്റ്സിലെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. പിടികൂടിയ എംഡിഎംഎയ്ക്ക് ഒമ്പത് ലക്ഷത്തിലേറെ രൂപ വിലവരും. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽനിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ലഹരിമരുന്ന് വിറ്റ് കിട്ടിയിരുന്ന പണം സിഡിഎം വഴിയാണ് ബെംഗളൂരുവിലെ സംഘത്തിന് ഇവർ അയച്ചു നൽകിയിരുന്നത്. ബെംഗളൂരുവില്‍ നിന്നും ശേഖരിക്കുന്ന മയക്കുമരുന്ന് ടൂറിസ്റ്റ് ബസിൽ ആണ് കേരളത്തിലേക്ക് എത്തിച്ചിരുന്നത് . 5,10 ഗ്രാം പാക്കറ്റുകളിലാക്കിയാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിചയപ്പെട്ടത്. തുടർന്ന് ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ ഇരുവരും കേരളത്തിലേക്ക് രാസലഹരി കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ആലുവ ഡിവൈ.എസ്.പി. ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ സാബുജി എം.എ.എസ്, എസ്.ഐ എ.സി. ബിജു, എ.എസ്.ഐ റോണി അഗസ്റ്റിൻ, സീനിയർ സി.പി.ഒ മാരായ സി.കെ രശ്മി, എം.എം രതീഷ്, ഇ.കെ അഖിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്












