അടുക്കളയിൽ വരുന്ന പണികളിൽ ഏറ്റവും കൂടുതൽ തലവേദനയാകുന്ന ഒന്നാണ് പാത്രം കഴുകൽ. ചില കറികളെല്ലാം ഉണ്ടാക്കി കഴിഞ്ഞാൽ, പാത്രങ്ങളിൽ വരുന്ന കരി കളയാൻ വീട്ടമ്മമാർ ബുദ്ധിമുട്ടാറുണ്ട്. സ്‌ക്രബർ ഉപയോഗിച്ച് തേച്ചുരച്ച് കഴുകിയാൽപ്പോലും പാത്രങ്ങളിലെ കരി മാറണമെന്നില്ല. മാത്രമല്ല, വല്ലാതെ ഉരച്ചാൽ, ഈ പാത്രങ്ങൾ കേടാവാനും സാധ്യതയുണ്ട്.
പരമാവധി പാത്രങ്ങളിൽ കരി പിടിപ്പിക്കാതെ പാചകം ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതിനായി പരമാവധി മീഡിയം ഫ്‌ളെയിമിൽ പാചകം ചെയ്യാൻ ശ്രദ്ധിക്കുക. ഫ്‌ളെയിം കൂട്ടിവച്ച് പാചകം ചെയ്യുമ്പോഴാണ് പലപ്പോഴും ശദ്ധ്ര തെറ്റുകയും കറികൾ അടിയിൽ പിടിക്കുകയും പാത്രം കരി പിടിക്കുകയും ചെയ്യാറ്.
ഇനി ശ്രദ്ധ കുറവ് കൊണ്ട് പാത്രം കരി പിടിച്ചാൽ തന്നെ ചില ടിപ്‌സ് കൊണ്ട് പാത്രത്തിലെ കരി കളയാൻ സാധിക്കും. ഇതിനായി കരി പിടിച്ച പാത്രത്തിൽ വെള്ളവും അതിലേക്ക് വിനാഗിരിയും ഒഴിച്ച് നന്നായി തിളപ്പിക്കുക. നന്നായി തിളക്കുമ്പോൾ കറ ഇളകിവരുന്നത് കാണാം. ഇനി അടുപ്പിൽ നിന്ന് മാറ്റി സ്‌ക്രബറും ഡിഷ്വാഷും ഉപയോഗിച്ച് തേച്ചുരച്ച് കഴുകിയാൽ കറകളെല്ലാം മാറും.
ചായപാത്രത്തിലാണ് പൊതുവെ ഏറ്റവും കൂടുതൽ കറ ഉണ്ടാവുക. ഈ കറ കളയാൻ ഉമിക്കരിയും ഉപ്പുവെള്ളവും ഉപയോഗിച്ച് ചായപാത്രം നന്നായി തേച്ചാൽ മതി. ഇനി കരിപിടിച്ച പാത്രങ്ങളുടെ കറ കളയാനാണെങ്കിൽ അൽപം ബേക്കിംഗ് സോഡയും അൽപ്പം ചെറുനാരങ്ങ നീരും പാത്രത്തിൽ ഇട്ട് അൽപസമയം മാറ്റിവയ്ക്കുക. ഇനി ഡിഷ്വാഷും സ്‌ക്രബറും ഉപയോഗിച്ച് നന്നായി തേച്ചുരച്ച് കഴുകിയാൽ മതി.
പ്രഷർ കുക്കറിന്റെ ഉള്ളിലെ കറ കളയാനും അടുക്കളയിൽ തന്നെ പരിഹാരമുണ്ട്. ഇതിനായി പ്രഷർ കുക്കറിൽ അൽപ്പം വെള്ളമെടുത്ത് അതിലേക്ക് അൽപ്പം സവാളയിട്ട് തിളപ്പിക്കുക. കറ വിട്ടുവരുന്നത് കാണാം. ഇനി സ്‌ക്രബറും ഡിഷ്വാഷും ഉപയോഗിച്ച് തേച്ചാൽ കറ അപ്രത്യക്ഷമാകും.












