ഷിംല: വൈദ്യുതിബില്ല് കണ്ട് ‘ഷോക്കടിച്ച അവസ്ഥയിലാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയിലെ ബെഹര്‍വിന്‍ ജട്ടന്‍ ഗ്രാമത്തിലെ ലളിത് ധിമന്‍ എന്ന വ്യവസായി. ഈ മാസം തനിക്ക് ലഭിച്ച വൈദ്യുതിബില്ല് കണ്ട് കണ്ണുകളെ അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മാസം 2500 രൂപ അടച്ച സ്ഥാനത്ത് ഇത്തവണ വന്നിരിക്കുന്നത് 200 കോടിയുടെ ബില്ലാണ്.
2024 ഡിസംബറിലെ ബില്ലില്‍ 2,10,42,08,405 രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബില്ല് പരിശോധിച്ചതിന് പിന്നാലെ ഒട്ടും വൈകാതെ തന്നെ ധിമന്‍ വൈദ്യുതി ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ഇക്കാര്യം തിരക്കി. ഇവരുടെ തുടര്‍ന്നുള്ള പരിശോധനയില്‍ സാങ്കേതിക തകരാറ് മൂലം സംഭവിച്ച പിഴവ് മൂലമാണ് ഇത്രയും വലിയ തുക ബില്ലില്‍ അടിച്ചുവന്നത് എന്ന് മനസിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ ധിമന് 4047 രൂപയുടെ ‘സ്വന്തം’ ബില്ല് ലഭിച്ചു. ഇതാദ്യമായല്ല സാങ്കേതിക തകരാറുകള്‍ മൂലം വൈദ്യുതി വകുപ്പിന് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ വല്‍സദ് ജില്ലയിലും ഇതിനോട് സമാനമായ സംഭവം നടന്നിരുന്നു. മുസ്ലിം അന്‍സാരി എന്ന വ്യാപാരിക്കായിരുന്നു ഈ ദുരനുഭവം നേരിട്ടത്. അദ്ദേഹത്തിന്റെ കടയുടെ ആകെ മൂല്യത്തേക്കാള്‍ വലിയ തുകയാണ് വൈദ്യുതിബില്ലായി ലഭിച്ചത്, 86 ലക്ഷം രൂപ. ഇദ്ദേഹവും പരാതിയുമായി നേരെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരെ സമീപിച്ചു. ശേഷം നടത്തിയ പരിശോധനയില്‍ മീറ്ററിലെ തകരാറ് മൂലമാണ് അബദ്ധം സംഭവിച്ചത് എന്നാണ് കണ്ടെത്തിയത്.
Discussion about this post