ലഖ്നൗ: മഹാകുംഭമേളയ്ക്ക് മുന്നോടിയായി മാ കി രസോയി കമ്മ്യൂണിറ്റി കിച്ചന് ഉദ്ഘാടനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . വെറും ഒന്‍പത് രൂപയ്ക്ക് ഇവിടെ ഭക്ഷണം ലഭിക്കും. പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് കുറഞ്ഞ ചെലവില്‍ നല്കന്നത്.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായാണ് ‘മാ കി രസോയി’ കമ്മ്യൂണിറ്റി കിച്ചന് പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് കമ്യൂണിറ്റി കിച്ചനിലെത്തിയ മുഖ്യമന്ത്രി അവിടെയെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു.
എസ്ആര്‍എന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് സാമ്പത്തികമായി താഴെ നില്‍ക്കുന്നവര്‍ക്കും ‘മാ കി രസോയി’ കിച്ചന് ഉപയോഗപ്രദമാകും. എസ്ആര്‍എന്‍ കാമ്പസില്‍ 2000 ചതുരശ്ര അടി വിസ്തൃതിയില്‍ നന്ദി സേവാ സന്സ്ഥാന് തയ്യാറാക്കിയ ‘മാ കി രസോയി’ പൂര്‍ണ്ണമായും എസിയാണ്. ഒരേ സമയം 150 ഓളം പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം.
12 വര്‍ഷത്തിലൊരിക്കലാണ് മഹാ കുംഭമേള നടക്കുക. അവസാനമായി മഹാകുംഭമേള നടന്നത് 2013ലാണ്. 2025 ജനുവരി 13 മുതല്‍ 2025 ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള.
Discussion about this post