പറ്റ്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കുന്ന പുരുഷന്മാർക്ക് പണം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘത്തെ വലയിലാക്കി പോലീസ്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറ്റ്‌ന സ്വദേശികളായ പ്രിൻസ് രാജ് , ഭോല കുമാർ, രാഹുൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതികളുടെ തട്ടിപ്പ്.
ഓൾ ഇന്ത്യ പ്രഗ്‌നന്റ് ജോബ്, പ്ലേ ബോയ് സർവീസ് എന്നീ പേരുകളിലാണ് സംഘം യുവാക്കളെ തട്ടിപ്പിന് ഇരയാക്കിയത്. ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിലൂടെയാണ് ഇവർ യുവാക്കളെ വലയിൽ ആക്കാറുള്ളത്. പരസ്യം കാണുന്ന ആളുകൾ വാട്‌സ് ആപ്പിലൂടെയോ ഇവരുമായി ബന്ധപ്പെടും. ഇത്തരത്തിൽ ബന്ധപ്പെടുന്നവരോട് പരിപാടിയിൽ ഭാഗമാൻ രജിസ്‌ട്രേഷൻ ഫീസ് ഉണ്ടെന്നും ഇത് അടയ്ക്കണമെന്നും നിർദ്ദേശിക്കും.
ഇത് വിശ്വസിക്കുന്നവരിൽ നിന്നും 500 മുതൽ 20,000 രൂപ വരെയാണ് ഫീസ് ആയി വാങ്ങുക. പിന്നീട് ബന്ധപ്പെടാമെന്നും ഇവർ പറയും. എന്നാൽ ഫീസ് അടച്ചാൽ ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടാകില്ല. ഇത്തരത്തിൽ രാജ്യത്ത് ഉടനീളം പതിനായിരക്കണക്കിന് പേരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്.
ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ ആൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലായവരിൽ നിന്ന് ആറ് സ്മാർട്ട് ഫോണുകൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Discussion about this post