പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കുട്ടികളിൽ ഡയപ്പറിന്റെ ഉപയോഗം വ്യാപകമാണ്. അടിയ്ക്കടി വൃത്തിയാക്കുന്നതിന്റെയും ഡ്രസ് മാറ്റി നൽകുന്നതിന്റെയും തലവേദനയിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ കുട്ടികൾക്ക് ഡയപ്പർ വച്ച് നൽകുന്നത്. പണ്ട് കാലത്ത് യാത്രാ വേളകളിൽ മാത്രമായിരുന്നു കുട്ടികളിൽ ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് വീടുകളിലും ഉപയോഗിക്കുന്നുണ്ട്. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ന് കാലത്ത് കുട്ടികളിൽ ഇത് ഉപയോഗിക്കുന്നവർ ഉണ്ട്.
ഡയപ്പറിന്റെ നിത്യേനയുള്ള ഉപയോഗം കുട്ടികളിൽ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്തിരുന്നാലും ആരും തന്നെ ഇതിന്റെ ഉപയോഗം നിർത്താറില്ല. കാരണം അത്രയേറെ ഉപകാരിയാണ് ഇത്. എന്നാൽ ഉപയോഗശേഷം ഡയപ്പർ സംസ്‌കരിക്കുക വലിയ പ്രശ്‌നമാണ്. തൊടിയിലേക്കോ വഴിയിലേക്കോ വലിച്ചെറിഞ്ഞാണ് ഈ പ്രശ്‌നത്തിന് ഭൂരിഭാഗം പേരും പരിഹാരം കാണാറുള്ളത്. എന്നാൽ ഈ വിദ്യ ഉപയോഗിച്ച് ഡയപ്പറിനെ നമുക്ക് അലിയിച്ച് കളയാം.
ആദ്യം ഉപയോഗിച്ച ഡയപ്പറുകൾ എടുത്ത് ഒരു ബക്കറ്റിൽ ഇടണം. ശേഷം ഇതിലേക്ക് നിറയെ വെള്ളം ഒഴിച്ച് കൊടുക്കാം. അൽപ്പനേരത്തിന് ശേഷം ഈ ഡയപ്പർ ആ വെള്ളം മുഴുവൻ വലിച്ചെടുത്തതായി കാണാം. ശേഷം ഡയപ്പർ കീറി ജെല്ല് പൂർണമായും പുറത്തെടുക്കുക. ഇത് മറ്റൊരു ബക്കറ്റിൽ ഇടാം. ശേഷം ലഭിക്കുന്ന പ്ലാസ്റ്റിക് കവർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക. ശേഷം ഇത് കത്തിച്ച് കളയാം.
ഇനി ജെല്ലി എങ്ങനെയാണ് നശിപ്പിക്കേണ്ടത് എന്ന് നോക്കാം. ജെല്ലി എടുത്ത ബക്കറ്റിലേക്ക് ഒരു പാക്കറ്റ് കല്ലുപ്പ് ഇട്ട് കൊടുക്കാം. കുറച്ച് നേരം കഴിയുമ്പോൾ ജെല്ലികൾ ഓരോന്ന് ആയി അലിഞ്ഞ് തുടങ്ങും. ഇത് പൂർണമായി അലിഞ്ഞ് കഴിഞ്ഞാൽ കുഴികുത്തി മൂടാം.
Discussion about this post