നിരവധി പാമ്പുകളുടെ വീടാണ് നമ്മുടെ ഭൂമി. വിഷം ഇല്ലാത്തതും ഉളളതുമായ പാമ്പുകൾ നമ്മുടെ ഭൂമിയിൽ വിഹരിക്കുന്നു. പ്രതിവർഷം വിഷ പാമ്പുകളുടെ കടിയേറ്റ് നിരവധി പേരാണ് മരണപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പാമ്പുകൾ ഒരു തലവേദനയാണ്.
രാജവെമ്പാല, തായ്പാൻ എന്നീ പാമ്പുകൾക്കാണ് ഏറ്റവും കൂടുതൽ വിഷം ഉള്ളത്. ഒറ്റക്കൊത്തിൽ തന്നെ ഒരു ജീവൻ എടുക്കാനുള്ള വിഷം പ്രവഹിക്കാൻ ഇവയ്ക്ക് സാധിക്കും. ഇതിൽ രാജവെമ്പാലയെ നമ്മുടെ നാടുകളിലും കാണാറുണ്ട്. രാജവെമ്പാലയുടെ വിഷം ന്യൂറോടോക്‌സിൻ എന്നാണ് അറിയപ്പെടുന്നത്. അതായത് ഇവയുടെ വിഷം നമ്മുടെ നാഡീ വ്യൂഹത്തെയാണ് തകരാറിൽ ആക്കുക. അണി വിഷം ഹീമോടോക്‌സിൻ ആണ്. അണലി വിഷം രക്തത്തിൽ കലർന്നാൽ അത് രക്തചംക്രമണത്തെ ബാധിക്കും. ഹീമോഗ്ലാബിനെതിരെയാണ് അണലി വിഷം പ്രവർത്തിക്കുക.
ഉടൻ തന്നെ വൈദ്യസഹായം ആവശ്യമുള്ള ഒന്നാണ് പാമ്പ് കടിയേൽക്കൽ. ആന്റിവെനം ആണ് ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴിയും. എന്നാൽ ഈ ആന്റിവെനം ഉണ്ടാക്കുന്നതും പാമ്പിൻ വിഷത്തിൽ നിന്നാണ്. ഇതിന്റെ നിർമ്മാണ വേളയിലാണ് വിഷം കുതിരകളിൽ കുത്തിവയ്ക്കാറുള്ളത്.
ആന്റിവെനം നിർമ്മിക്കുന്നതിനായി പാമ്പിൽ നിന്നും ശേഖരിക്കുന്ന വിഷം ചെറിയ അളവിൽ കുതിരകളിൽ കുത്തിവയ്ക്കും. ഇതോടെ കുതിരയുടെ പ്രതിരോധ സംവിധാനം ഇതിനെതിരെ പ്രവർത്തിക്കാൻ ആരംഭിക്കുകയും ആന്റിബോഡി നിർമ്മിക്കുകയും ചെയ്യും. ഈ ആന്റിബോഡിയാണ് ആന്റിവെനം ആയി പാമ്പുകടിയേൽക്കുന്നവർക്ക് കുത്തിവയ്ക്കുന്നത്.
ആന്റിബോഡി രൂപപ്പെട്ടാൽ കുതിരയുടെ രക്തത്തിൽ നിന്നും പ്ലാസ്മ ശേഖരിക്കും. പിന്നീട് നിരവധി പ്രക്രിയവഴി ഇത് ആന്റിവെനമായി രൂപപ്പെടുത്തുകയാണ് ചെയ്യാറ്. മനുഷ്യരിൽ നിന്നും മറ്റ് ജന്തുജാലങ്ങളിൽ നിന്നും വ്യത്യസ്തമായി കുതിരകൾക്ക് അതിശക്തമായ പ്രതിരോധ സംവിധാനം ആണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാണ് ആന്റിവെനത്തിന്റെ നിർമ്മാണം.
Discussion about this post