ന്യൂഡൽഹി: രാജ്യാതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉയർത്തിയ അടിസ്ഥാന രഹിതമായ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നുറുൽ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
4,156 കിലോമീറ്ററോളം വരുന്ന ഇന്ത്യ-ബംഗ്ലാദേശി അതിർത്തിയിൽ അഞ്ച് പ്രത്യേക സ്ഥലങ്ങളിൽ വേലി നിർമിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് ബംഗ്ലാദേശ് ആരോപിച്ചത്. സ്വന്തം അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ നടപടികളെ ബംഗ്ലാദേശ് തെറ്റായി ചിത്രീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ബംഗ്ലാദേശ് വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു .ഇതിന് മറുപടിയായാണ് ഇന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം മാത്രമാണ് നടത്തുന്നത് എന്നാണ് ഇന്ത്യ ബംഗ്ലാദേശിന് മറുപടി നൽകിയത്. വേലികെട്ടുന്നതും, സാങ്കേതിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതും സുരക്ഷയുടെ ഭാഗം മാത്രമാണെന്നും രാജ്യത്തിൻ്റെ ആഭ്യന്തര താത്പര്യമാണെന്നും അതിൽ ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
Leave a Comment