പക്ഷാഘാതം ഇന്ന് ലോകത്ത് നിരവധി പേരെ ബാധിക്കുന്ന രോഗമായി മാറിയിരിക്കുകയാണ്. ഏത് പ്രായത്തിലുള്ളവരിലും ഇന്ന് ഇത് കണ്ടുവരുന്നുണ്ട്. എന്നാല്‍ മുന്നമേ ഈ രോഗം കണക്കാക്കുന്നതിനുള്ള പല തടസ്സങ്ങളും ഗവേഷകരെ അലട്ടിയിരുന്നു. എന്നാല്‍ ആശ്വാസമേകുന്ന പുതിയൊരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. കണ്ണിന്റെ റെറ്റീനകള്‍ പരിശോധിച്ച് കൊളസ്‌ട്രോളും പ്രമേഹവും വിലയിരുത്തുന്ന പോലെ ഇനി പക്ഷാഘാത സാധ്യതയും തിരിച്ചറിയാമെന്നാണ് കണ്ടെത്തല്‍. റെറ്റീനയിലെ രക്തക്കുഴലുകളുടെ സങ്കീര്‍ണമായ ശൃംഖല തലച്ചോറിലുള്ള രക്തക്കുഴലുകള്‍ക്ക് സമാനമായ ശാരീരിക സവിശേഷതകള്‍ പങ്കുവെക്കുന്നതായി ഓസ്ട്രേലിയയിലെ റോയല്‍ വിക്ടോറിയന്‍ ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റലിലെ ഗവേഷകര്‍ വിശദീകരിക്കുന്നു.
യുകെയിലെ 68,753 ആളുകളുടെ കണ്ണുകളുടെ ഫണ്ടസ് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ നിഗമനം ഉരുത്തിരിഞ്ഞത്. കണ്ണിന്റെ പിന്‍ഭാഗത്തെ പ്രത്യേക ഇമേജിങ് സാങ്കേതികതയാണ് ‘ഫണ്ടസ് ഫോട്ടോഗ്രാഫി’. ഇതിലൂടെ പക്ഷാഘാത സാധ്യത ഫലപ്രദമായി മനസിലാക്കാമെന്ന് ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
റെറ്റീനയിലെ രക്തക്കുഴലുകളുടെ ശൃംഖലയുടെ അഞ്ച് സവിശേഷതകളെ (സിരകളുടെയും ധമനികളുടെയും സങ്കീര്‍ണതയും സാന്ദ്രതയും കെട്ടുപിണഞ്ഞ രീതിയുമടക്കം) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഏതാണ്ട് 12.5 വര്‍ഷത്തെ പഠനത്തില്‍ ഏകദേശം 750 ആളുകള്‍ക്ക് പക്ഷാഘാതം ഉണ്ടായതായി കണ്ടെത്തി. പക്ഷാഘാത സാധ്യതയുടെ സൂചിപ്പിക്കുന്നതിന് 118 അളവുകള്‍ ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്. ഭാവിയില്‍ വലിയ മുന്നേറ്റങ്ങളിലേക്ക് ഈ കണ്ടെത്തല്‍ നയിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Leave a Comment