ന്യൂയോര്‍ക്ക്: ഫോണില്‍ ഉപയോഗിക്കുന്ന, നമ്മള്‍ സുരക്ഷിതമെന്ന് കരുതുന്ന പല പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകളും നല്ല പണി തരുമെന്ന് റിപ്പോര്‍ട്ട്. കാന്‍ഡി ക്രഷ്, ടിന്‍ഡര്‍ എന്നിവയിലെയടക്കം ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഡാറ്റാ ബ്രോക്കര്‍ കമ്പനിയായ ഗ്രേവി അനലിറ്റിക്സ് വഴി ചോര്‍ന്നിരിക്കുകയാണ്. യൂസര്‍മാരില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ആപ്പുകള്‍ ഗ്രേവി അനലിറ്റിക്‌സ് പോലുള്ള കമ്പനികള്‍ക്ക് മറിച്ചുനല്‍കുന്നതായുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണ്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിങ്ങനെ രണ്ട് പ്ലാറ്റ്ഫോമുകളിലുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളില്‍ നിന്നും ഗ്രേവി അനലിറ്റിക്സ് വഴി ചോര്‍ന്ന കോടിക്കണക്കിന് ലൊക്കേഷന്‍ വിവരങ്ങള്‍ കൈവശമുണ്ടെന്ന് ഹാക്കര്‍ അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്.
ആപ്പുകളില്‍ പരസ്യം വരാനായി കമ്പനികള്‍ ബിഡ് ചെയ്യുന്ന റിയല്‍ ടൈം ബിഡ്ഡിംഗ് (ആര്‍ടിബി) സംവിധാനത്തിലൂടെയാണ് ഈ ഡാറ്റ ശേഖരണം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.പരസ്യങ്ങള്‍ റണ്‍ ചെയ്യുമ്പോ, ആപ്പ് ഡെവലപ്പര്‍മാരുടെ പങ്കാളിത്തമില്ലാതെ പോലും ഡാറ്റ ബ്രോക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റ ശേഖരിക്കാന്‍ സാധിക്കും. ആപ്പ് ഡെവലപ്പേഴ്‌സിന് ഇത് നിയന്ത്രിക്കാന്‍ സാധിക്കാത്തതും ഡാറ്റാസ് പുറത്താകുന്നതിന് കാരണമാകുന്നു. അതുപോലെ ലൊക്കേഷന്‍ അക്‌സസ്സ് ചെയ്യപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് ഒരിക്കലും അറിയാന്‍ സാധിക്കുകയുമില്ല.
ആപ്പുകളുടെ ലിസ്റ്റില്‍ കാന്‍ഡി ക്രഷ്, സബ്വേ സര്‍ഫറുകള്‍, ടെമ്പിള്‍ റണ്‍ തുടങ്ങിയ ഗെയിമുകളും ടിന്‍ഡര്‍, ഗ്രിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകളും ഉള്‍പ്പെടുന്നു. പരസ്യങ്ങളിലൂടെ ഡാറ്റ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
Leave a Comment