വാഷിംഗ്‌ടൺ: പദവിയൊഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നിര്‍ണായക നടപടിയുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാനുളള ചരിത്രപരമായ നീക്കമാണ് ബൈഡന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്
അമേരിക്ക പ്രഖ്യാപിച്ച ഭീകരവാദ പട്ടികയിൽ സിറിയ, ഉത്തര കൊറിയ, ഇറാന്‍ എന്നിവയ്‌ക്കൊപ്പമായിരുന്നു ക്യൂബയും. 2015ല്‍ അക്കാലത്തെ പ്രഡിഡന്‍റ് ബറാക് ഒബാമ ക്യുബയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ നിക്കോളാസ് മഡുറോയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ക്യൂബയെ ട്രംപ് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. കൂടാതെ ക്യൂബയിലേക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായവും ആയുധ കയറ്റുമതിയും നിരോധിക്കുകയും ചെയ്തു
ഈ തീരുമാനമാണ് തന്‍റെ ഭരണകാലയളവിന്‍റെ അവസാനഘട്ടത്തില്‍ ബൈഡന്‍ പൊളിച്ചെഴുതുന്നത്. കുറ്റവാളികളെ മോചിപ്പിക്കുന്നതിന്‍റെ ഭാഗമായി ക്യൂബയെ ഭീകരവാദ രാജ്യമായി കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. ബൈഡന്‍റെ ഈ നടപടിയെ ക്യൂബ സ്വാഗതം ചെയ്തു.
അമേരിക്കയും ക്യൂബയുമായുള്ള സംഘർഷം ദശാബ്ദങ്ങളുടെ പഴക്കമുള്ളതാണ്. 1962 ജൂലൈയിൽ സോവിയറ്റ് പ്രധാനമന്ത്രി നികിത ക്രൂഷ്ചേവ് ക്യൂബൻ പ്രധാനമന്ത്രി ഫിഡൽ കാസ്ട്രോയുമായി ഒരു രഹസ്യ കരാറിൽ എത്തി. അമേരിക്കയിൽ നിന്നും ഭാവിയിൽ ഉണ്ടാകുന്ന ഏതെങ്കിലും അധിനിവേശ ശ്രമങ്ങളെ തടയുന്നതിനായി ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിനെ തുടർന്ന് ഒരു ആണവയുദ്ധത്തിന്റെ അടുത്തുവരെയുള്ള നടപടികൾ അന്നത്തെ സോവിയറ്റ് യൂണിയനും റഷ്യയും തമ്മിൽ ഉണ്ടായി. അത് കെട്ടടങ്ങിയെങ്കിലും, അമേരിക്ക ക്യൂബയുടെ മേൽ അടിച്ചേൽപ്പിച്ച നിരോധനം തുടരുകയായിരുന്നു.
Discussion about this post