തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻസ്വാമിയുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം അറിയിച്ചു. ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ മുറിവുകളോ ക്ഷതങ്ങളോ ഇല്ല. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.
ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ മരണകാരണത്തെ കുറിച്ച് വ്യക്തമായ ഉത്തരം ലഭിക്കുകയുള്ളൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധനാ ഫലം കിട്ടേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തമായ നിഗമനത്തിലെത്താൻ കഴിയൂ എന്നും ഫോറൻസിക് വിദഗ്ധർ കൂട്ടിച്ചേർത്തു.
ഗോപൻ സ്വാമിയുടെ സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടത്തും. മൃതദേഹം ഇന്ന് നിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
പലവിധ വിവാദങ്ങൾക്കൊടുവിൽ ഇന്ന്‌രാവിലെയാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തത്. കല്ലറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാദ്രവ്യങ്ങളും ഉണ്ടായിരുന്നു. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ നിറച്ചിരുന്നു.
Discussion about this post