ന്യൂഡൽഹി : ചൈനയുടെ അതിർത്തി പ്രദേശങ്ങളിലും നിർണായക ദൗത്യങ്ങളിലും സുരക്ഷിതമായ ആശയവിനിമയത്തിനായി ഇന്ത്യൻ സൈന്യത്തിന് ഇനി പ്രത്യേക സ്മാർട്ട് ഫോണുകൾ. ‘സംഭവ്’ സ്മാർട്ട്ഫോണുകൾ എന്നാണ് ഈ പ്രത്യേക ഫോണുകൾക്ക് പേര് നൽകിയിരിക്കുന്നത്. സെക്യൂർ ആർമി മൊബൈൽ ഭാരത് വേർഷൻ (SAMBHAV) എന്ന ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.
ചൈനയുമായി അടുത്തിടെ നടന്ന ചർച്ചകൾ ഉൾപ്പെടെയുള്ള ഉന്നതതല ചർച്ചകളിൽ സുരക്ഷിത ആശയവിനിമയത്തിനായി ‘സംഭവ്’ സ്മാർട്ട്ഫോണുകൾ ആണ് ഉപയോഗിച്ചതെന്ന് കരസേനാ മേധാവി മേജർ ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. വാട്ട്‌സ്ആപ്പിന് പകരമുള്ള എം-സിഗ്മ പോലുള്ള പ്രത്യേക ആപ്ലിക്കേഷനുകൾ ആണ് ഈ ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡോക്യുമെൻ്റുകളും ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൈമാറാനും കഴിയുന്ന രീതിയിലാണ് ‘സംഭവ്’ സ്മാർട്ട്ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്. സങ്കീർണ്ണവും എൻക്രിപ്റ്റ് ചെയ്തതുമായ ആശയവിനിമയത്തിനാണ് ഈ ഫോണുകൾ പ്രാധാന്യം നൽകുന്നത്.
അത്യാധുനിക 5G സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്പന ചെയ്ത ‘സംഭവ്’ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്നതാണ്. എയർടെൽ, ജിയോ നെറ്റ്‌വർക്കുകൾ ആണ് ഈ ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുക. ഡാറ്റ ചോർച്ച തടയുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ‘സംഭവ്’ സ്മാർട്ട്ഫോണുകൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
Discussion about this post