കൊൽക്കത്ത : കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷവിധി തിങ്കളാഴ്ച പ്രസ്താവിക്കും. സീൽദാ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി.
സെക്ഷൻ 64 (ബലാത്സംഗം), സെക്ഷൻ 66 (മരണത്തിന് കാരണമായതിനുള്ള ശിക്ഷ), സെക്ഷൻ 103 (കൊലപാതകം) എന്നിവ പ്രകാരമാണ് റോയിക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്ഷൻ 64 പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്, സെക്ഷൻ 66 പ്രകാരം ഒരാൾക്ക് വധശിക്ഷ നൽകാം.
വിധി കേട്ട് ഡോക്ടറുടെ പിതാവ് കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. ‘ഞാൻ നിങ്ങളിൽ പൂർണ്ണ വിശ്വാസം കാത്തു. ഞങ്ങളുടെ വിശ്വാസത്തെ മാനിച്ചതിന് ഒരുപാട് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകം നടന്ന് 5 മാസത്തിനു ശേഷമാണ് വിധി പറയുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്.









