മുംബൈ: ആഡംബര വസതി വിറ്റ് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ. മുംബൈയിലെ ഓഷിവാരയിലുള്ള ആഡംബര വസതിയാണ് അദ്ദേഹം വിറ്റത്. 83 കോടി രൂപയ്ക്ക് കഴിഞ്ഞ ദിവസം അദ്ദേഹം വസതി വിറ്റതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലാണ് അമിതാഭ് ബച്ചൻ വീട് വിറ്റതിന്റെ വിവരങ്ങൾ ഉള്ളത്. 5,705 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ അത്യാഡംബ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീടിന്റെ വിൽപ്പനയ്ക്കായി 4.98 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടിയായി അദ്ദേഹം നൽകിയിട്ടുണ്ട്. 30,000 രൂപ ആയിരുന്നു രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ നൽകിയത്.
മുംബൈയിലെ തന്നെ ഏറ്റവും മികച്ച പ്രദേശങ്ങളിൽ ഒന്നാണ് ഓഷിവാര. അമിതാഭ് ബച്ചന് പുറമേ നിരവധി സെലിബ്രിറ്റികളാണ് ഈ പ്രദേശത്ത് ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 31 കോടി രൂപയ്ക്ക് ആയിരുന്നു അമിതാഭ് ബച്ചൻ ഈ ഫ്‌ളാറ്റ് വാങ്ങിയത്. 2021 ൽ ആയിരുന്നു ഇത്. നാല് വർഷം പിന്നിടുമ്പോൾ ഈ പ്രോപ്പർട്ടിയുടെ മൂല്യം 168 ശതമാനം ആണ് വർദ്ധിച്ചത്.
അതേസമയം എന്തുകൊണ്ടാണ് അദ്ദേഹം വസതി വിറ്റത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ആരാണ് ഈ വസതി വാങ്ങിയത് എന്ന കാര്യവും വ്യക്തമല്ല.
Discussion about this post