തിരുവനന്തപുരം: പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.
നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കേസ്. സംഭവത്തിൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജയചന്ദ്രൻ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു. ഇത് തള്ളിയതോടെ അദ്ദേഹം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ഇതും തള്ളിയതോടെ അറസ്റ്റ് ഉറപ്പായി. ഇതോടെ ഒളിവിൽ പോകുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കുടുംബ വഴക്ക് മുതലെടുത്ത് നടൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് നടൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാൻ താമസിക്കുകയായിരുന്നു.
കേസിൽ പ്രതിയായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
Discussion about this post