മാനന്തവാടി: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിൽ പൊലീസ് പരിശോധന. ഡിസിസിയിലെ രേഖകൾ പരിശോധിച്ചു. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനൊപ്പം എത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.
കോൺഗ്രസ് നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ട്രഷറർ ആയിരുന്ന എൻ എം വിജയൻ ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങിയത്. എന്നാൽ പറഞ്ഞ ജോലി കിട്ടാതായപ്പോൾ ഉദ്യോഗാർത്ഥികൾ വിജയനെ സമീപിക്കുകയും അദ്ദേഹം സമ്മർദ്ദത്തിലാവുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. ഇത് കൂടാതെ ഭീമമായ തുകയുടെ കടബാധ്യത കോൺഗ്രസ് പാർട്ടി കാരണം അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയൻ വ്യക്തമാക്കിയത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്.
അതേസമയം സമാന സ്വഭാവമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം ഇടപെടും എന്ന് പ്രതീക്ഷിച്ച് കുറച്ചു കാലം കാത്തിരുന്നതിന് ശേഷമാണ് കത്തുകൾ കുടുംബം പുറത്ത് വിട്ടത്.
Discussion about this post