ന്യൂഡൽഹി : 2025ലെ ഫിസിക്കൽ ഡിസെബിലിറ്റി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലാണ് കപ്പുമായി നാട്ടിലെത്തിയ കായിക താരങ്ങളെ വരവേറ്റത്. ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന PD ചാമ്പ്യൻസ് ട്രോഫി 2025 ടൂർണമെൻ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ PD ക്രിക്കറ്റ് ടീം കപ്പ് സ്വന്തമാക്കിയിരുന്നത്.
ദിവ്യാംഗ കായികതാരങ്ങളോടുള്ള പ്രതിബദ്ധത ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുള്ളതാണെന്ന് കേന്ദ്ര കായിക മന്ത്രി വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്ന കായിക പങ്കാളിത്തം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഇന്ത്യയെ കായികരംഗത്ത് കൂടുതൽ മുന്നേറാൻ പ്രേരിപ്പിക്കുന്നു. ആറിൽ 5 മത്സരങ്ങൾ ജയിക്കുകയും ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്താൻ എന്നിവരെ തോൽപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ PD ക്രിക്കറ്റ് ടീം നേടിയ ഈ കപ്പ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് എന്നും ഡോ. മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
പാരീസ് പാരാലിമ്പിക്സ് മുതൽ PD ചാമ്പ്യൻസ് ട്രോഫി 2025 വരെ ദിവ്യാംഗ് കായികതാരങ്ങൾ രാജ്യത്തിന് കൊണ്ടുവന്ന നേട്ടങ്ങളുടെ പട്ടിക വർദ്ധിച്ചുവരികയാണെന്ന് ഡോ. മാണ്ഡവ്യ പരാമർശിച്ചു. ‘ദിവ്യാംഗ്’ അത്‌ലറ്റുകൾ നമുക്ക് അഭിമാനിക്കാനും പ്രേരണ നൽകാനും നിരവധി കാരണങ്ങൾ നൽകുന്നു. അവർക്കുള്ള കേന്ദ്രസർക്കാരിന്റെ പിന്തുണ വർദ്ധിപ്പിക്കും. സർക്കാർ നിങ്ങളോടൊപ്പമുണ്ട്, നിങ്ങളുടെ വിജയം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ യുവാക്കളെ പ്രചോദിപ്പിക്കാൻ നിങ്ങൾ ഉപയോഗിക്കേണ്ടതുണ്ട് എന്നും ഡോ. മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
Discussion about this post