തൃശ്ശൂർ : വധശ്രമക്കേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശിയായ യൂട്യൂബർ മണവാളന്റെ മുടി മുറിച്ചതിൽ ജയിൽ അധികൃതർക്കെതിരെ കുടുംബം. മുടി മുറിച്ചതിനെ തുടർന്ന് മാനസിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ മണവാളൻ എന്ന പേരിൽ അറിയപ്പെടുന്ന തൃശൂർ എരനെല്ലൂർ സ്വദേശി മുഹമ്മദ് ഷഹീൻ ഷാ(26) ഇപ്പോൾ പടിഞ്ഞാറേ കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.
കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഷഹീൻ ഷാ ജയിലിലായത്. മുടിയും താടിയും വെട്ടി മാറ്റിയതോടെ മണവാളൻ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ആയെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമാൻഡ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ മുടി മുറിച്ചതായാണ് മണവാളന്റെ കുടുംബം വ്യക്തമാക്കുന്നത്.
മുഹമ്മദ് ഷഹീൻ ഷായുടെ വിവാഹം അടുത്തിരിക്കുകയാണ്. ഒരു സിനിമയിലും അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാൽ മുടി മുറിച്ചതിലൂടെ ഇതെല്ലാം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജയിൽ അധികൃതരുടെ ഈ നടപടിക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി മണവാളന്റെ കുടുംബം അറിയിച്ചു.
മുഹമ്മദ് ഷഹീൻ ഷായെ കർണാടകയിലെ കുടകിൽ നിന്ന് ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ 19 ന് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ മാസങ്ങളായി ഒളിവിലായിരുന്നു.
Discussion about this post