അമൃത്സർ : ദേശസ്നേഹ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വാഗാ അതിർത്തിയിൽ ബിഎസ്എഫിന്റെ ശക്തി പ്രകടനം. രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യയുടെ ആദ്യ പ്രതിരോധ സേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് റിപ്പബ്ലിക് ദിനം പ്രമാണിച്ച് ആണ് ജനുവരി 26ന് വൈകിട്ട് പ്രത്യേക ബീറ്റിംഗ് റിട്രീറ്റ് നടത്തിയത്. ഇന്നത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു ഇത്.
ഇന്ത്യയുടേയും പാകിസ്താന്റേയും അതിർത്തിയായ വാഗ അതിർത്തിയിൽ ദിനവും വൈകീട്ട് ഇരുഗേറ്റുകളും തുറന്ന് പതാക ഇറക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന ബീറ്റിംഗ് റിട്രീറ്റ് കാണുന്നതിനായി വൻ ജനക്കൂട്ടമാണ് സന്നിഹിതരായിരുന്നത്. 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ബിഎസ്എഫിൻ്റെ ആക്ടിംഗ് ഡിഐജി ഹർഷ് നന്ദൻ ജോഷി എല്ലാ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നു.
ഇന്ന് സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും ദിനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരെയും ദേശസ്നേഹികളെയും അനുസ്മരിക്കുന്ന ദിനമാണിത്. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഇവിടെ സന്നിഹിതരായ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു എന്നും ഹർഷ് നന്ദൻ ജോഷി വ്യക്തമാക്കി.
Leave a Comment