ചെന്നൈ: ലുഫ്താന്‍സ വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവത്തില്‍ പിഴയിട്ട് കോടതി. പ്രായമായ ദമ്പതികള്‍ക്കുണ്ടായ മോശം യാത്രാനുഭവത്തിനാണ് വിമാനക്കമ്പനിക്ക് ചെന്നൈ കോടതി പിഴ ചുമത്തിയത്. 2023 ജൂണ്‍ 12 നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. വിമാനക്കമ്പനി വരുത്തിയ ഗുരുതരമായ വീഴ്ച്ചയ്ക്കാണ് പിഴ ചുമത്തിയത്. ജോജു ഡൊമിനിക് (69), ഭാര്യ ജാസ്മിന്‍ (65) എന്നിവരായിരുന്നു വിമാനത്തിലെ യാത്രികരായി ഉണ്ടായിരുന്നത്.
യാത്രയിലുടനീളം ദമ്പതികള്‍ക്ക് സാമ്പത്തികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി കോടതി നിരീക്ഷിച്ചു. ചെന്നൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ട് വഴി വാന്‍കൂവറിലേക്കുള്ള റൗണ്ട്ട്രിപ്പ് ടിക്കറ്റിന് 3.5 ലക്ഷം രൂപയ്ക്കാണ് ദമ്പതികള്‍ എടുത്തിരുന്നത്.
അന്ന് യാത്രികര്‍ സഞ്ചരിച്ചിരുന്ന വിമാനം വൃത്തിയാക്കാന്‍ 90 മിനിറ്റ് വൈകി. ഈ സമയം യാത്രികരെ എയ്റോബ്രിഡ്ജില്‍ കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വൃത്തിയാക്കാന്‍ വൈകിയതോടെ സീറ്റുകള്‍ നനഞ്ഞു കുതിര്‍ന്ന നിലയില്‍ത്തന്നെ തുടര്‍ന്നു. മാത്രമല്ല ഓവര്‍ഹെഡ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്നുമുണ്ടായിരുന്നു. പരാതിപ്പെട്ടപ്പോള്‍ ഒരു ക്യാബിന്‍ ക്രൂ അംഗം വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ജോജു പറഞ്ഞു.
ചെന്നൈയിലെ കാലാവസ്ഥയെ പഴിച്ച ജീവനക്കാര്‍ പുതപ്പ് ഉപയോഗിക്കാനും നിര്‍ദേശിച്ചു. ഫ്‌ലൈറ്റ് വൈകിയതോടെ വാന്‍കൂവറിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിച്ചില്ല. ഏറെ നേരം എയര്‍ലൈനുമായി തര്‍ക്കിച്ച് അവസാനം മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തി. എന്നിട്ടും ഷെഡ്യൂള്‍ ചെയ്ത കാനഡയിലെ ഫെറിയിലെ യാത്ര തങ്ങള്‍ക്ക് നഷ്ടമായെന്നും ജോജു പറഞ്ഞു.
കോടതിയോട് തങ്ങളുടെ ടിക്കറ്റിന്റെ വിലയ്ക്ക് തുല്യമായ 3.5 ലക്ഷം രൂപയാണ് ദമ്പതികള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തങ്ങള്‍ അനുഭവിച്ച മാനസികമായ ബുദ്ധിമുട്ടുകള്‍ക്കും മറ്റ് നിയമ ചെലവുകള്‍ക്കുമായി 55,000 രൂപ നല്‍കാനാണ് വിമാനക്കമ്പനിയോട് കോടതി ഉത്തരവിട്ടത്. വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച ജോജു ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
Discussion about this post