ന്യൂഡൽഹി : 1968ലെ എനിമി പ്രോപ്പർട്ടി ആക്ടിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഇന്ത്യയുമായുള്ള യുദ്ധത്തിലോ ശേഷമോ പാകിസ്താൻ്റെയോ ചൈനയുടെയോ പൗരത്വം സ്വീകരിച്ച വ്യക്തികളുടെയോ കമ്പനികളുടെയോ സ്വത്തുക്കളാണ് ശത്രു സ്വത്തുക്കൾ എന്നറിയപ്പെടുന്നത്. 1965-ലും 1971-ലും പാകിസ്താനുമായും 1962-ൽ ചൈനയുമായും നടന്ന യുദ്ധങ്ങൾക്ക് ശേഷം ഇന്ത്യാ ഗവൺമെൻ്റ് ഈ സ്വത്തുക്കൾ ഏറ്റെടുത്തിരുന്നു. എന്നാൽ തുടർന്ന് ഈ സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ‘എനിമി പ്രോപ്പർട്ടിയുടെ കസ്റ്റോഡിയന്’ ആയിരുന്നു കൈമാറിയിരുന്നത്.
2017 നരേന്ദ്രമോദി സർക്കാർ ഈ നിയമത്തിൽ മാറ്റം വരുത്തിയിരുന്നു. ഇതുവഴി ശത്രു സ്വത്തുക്കൾ വിൽപ്പന നടത്താൻ കേന്ദ്രസർക്കാരിന് അവകാശമുണ്ട്. പുതുതായി
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഭേദഗതിയോടെ ശത്രു സ്വത്തുക്കളിൽ സർക്കാരിന് നേരിട്ട് നിയന്ത്രണം ലഭിക്കും. തുടർന്ന് ഈ സ്വത്തുക്കൾ പൊതുതാൽപ്പര്യത്തിനായി ഉപയോഗിക്കാം. ഇതുവരെ ഈ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്ന ‘എനിമി പ്രോപ്പർട്ടിയുടെ കസ്റ്റോഡിയന്’ തുടർന്ന് സ്വത്തിൽ അവകാശമില്ലാതാകും.
ഏറ്റെടുക്കുന്ന ശത്രു സ്വത്തുക്കൾ നേരിട്ട് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കി പൊതു ഉപയോഗത്തിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് ഈ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ശത്രു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ‘കസ്റ്റോഡിയൻ’ ഇവ തടസ്സങ്ങൾ ഇല്ലാതെ സർക്കാരിന് കൈമാറേണ്ടതായിരിക്കും.
2017ലെ നിയമമനുസരിച്ച് കൃത്യമായ കസ്റ്റോഡിയൻ ഇല്ലാത്ത ശത്രു സ്വത്തുക്കൾ കേന്ദ്രസർക്കാരിന് വിൽപ്പന നടത്താൻ അധികാരം ഉണ്ടായിരുന്നു. ഇത്തരത്തിൽ
കഴിഞ്ഞ ആറ് വർഷത്തിനിടെ 3,494.93 കോടി രൂപയുടെ ശത്രു സ്വത്തുക്കൾ കേന്ദ്രസർക്കാർ വിൽപ്പന നടത്തി. ഈ സ്വത്തുക്കളിൽ പാകിസ്താൻ പൗരന്മാരുടെ 9,280 സ്വത്തുക്കളും ചൈനീസ് പൗരന്മാരുടെ 126 സ്വത്തുക്കളും ഉൾപ്പെടുന്നു. 3,000 കോടി രൂപയുടെ കമ്പനി ഓഹരികളും ശത്രു സ്വത്ത് വിഭാഗത്തിൽ കേന്ദ്രസർക്കാർ വിറ്റഴിച്ചിരുന്നു.
Discussion about this post