വൃന്ദാവന്‍: രോഹിത് വെമുലയുടെ നേതൃത്വത്തില്‍ മുംബൈ സ്ഫോടനക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നതായി കേന്ദ്ര മന്ത്രി വി.കെ. സിങ്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ തനിക്ക് പ്രചോദനമായത് അഫ്സല് ഗുരുവല്ല, രോഹിത് വെമുലയെന്നു പറഞ്ഞതായി ഞാന്‍ വായിച്ചു. രോഹിത് വെമുല യാക്കൂബ് മേമനായി അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു- വി.കെ. സിങ് പറഞ്ഞു.
ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും ഇന്ത്യയെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്ക്കൊപ്പമാണോ നാം നില്‍ക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ ബിജെവൈഎം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സിങ് യുവാക്കളോട് ആവശ്യപ്പെട്ടു.
മോദി സര്‍ക്കാരിന്റെ വിദേശനയത്തെ അദ്ദേഹം പ്രശംസിച്ചു. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്, മ്യാന്മാര് ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചു. ഓരോ രാജ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ രാജ്യം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി കൊണ്ടാണിതെന്നും സിങ് പറഞ്ഞു.
Discussion about this post