മനില : കുപ്രസിദ്ധ ഇന്ത്യൻ ഗുണ്ടാനേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ജോഗീന്ദർ ഗ്യോങ്ങിനെ ഫിലിപ്പീൻസ് നാടുകടത്തി. ഏതാനും മാസങ്ങൾക്ക് മുൻപ് ഫിലിപ്പീൻസിൽ അറസ്റ്റിൽ ആയിരുന്ന ഇയാളെ ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം
ഫെബ്രുവരി 1-ന് മനിലയിൽ വെച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറി. നേപ്പാൾ പാസ്പോർട്ടിൽ ആയിരുന്നു ജോഗീന്ദർ ഫിലിപ്പീൻസിൽ കഴിഞ്ഞു വന്നിരുന്നത്.
ഇന്ത്യയിൽ 25ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജോഗീന്ദർ ഗ്യോങ്. വിവിധ കേസുകളിൽ ശിക്ഷ ലഭിച്ച് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയശേഷം നാടുവിടുകയായിരുന്നു. അതിർത്തി കടന്ന് നേപ്പാളിൽ എത്തിയശേഷം വ്യാജ നേപ്പാൾ പാസ്പോർട്ട് സംഘടിപ്പിച്ചാണ് ജോഗീന്ദർ ഫിലിപ്പീൻസിലേക്ക് പോയിരുന്നത്. ഹരിയാനയിലെ കൈതാൽ സ്വദേശിയാണ് ജോഗീന്ദര്‍.
ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ ജില്ലകളിലായി ഒന്നിലധികം കൊലപാതകങ്ങൾ, കൊലപാതകശ്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, കവർച്ച തുടങ്ങി 25-ലധികം ക്രിമിനൽ കേസുകളാണ് ജോഗീന്ദറിന്റെ പേരിലുള്ളത്. ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുള്ള ഇയാൾ പരോളിലിരിക്കെ 2017 ഡിസംബർ 30ന് പാനിപ്പത്തിൽ ജഗ്‌ദേവ് ശർമ്മ എന്നയാളെ കൊലപ്പെടുത്തിയ ശേഷം വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. 2024 ജൂലൈയിൽ ആണ് ഫിലിപ്പീൻസ് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post