ബെംഗളൂരു : റോഡ് നികുതി അടയ്ക്കാത്ത 30 ഓളം ആഡംബര കാറുകൾ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തി ബെംഗളൂരുവിൽ റോഡ് നികുതി അടയ്ക്കാതെ ഓടിക്കൊണ്ടിരുന്ന 30 സൂപ്പർ കാറുകളാണ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തിരിക്കുന്നത്.
ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിലെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ആഡംബര കാറുകൾ പിടികൂടിയത്. ഫെരാരി, പോർഷെ, റേഞ്ച് റോവർ എന്നിവ ഉൾപ്പെടെയുള്ള ആഡംബര കാറുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവയിൽ പലതും റോഡരികിലായി പാർക്ക് ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത് എന്നും ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
ഈ വാഹനങ്ങളുടെ ഉടമകളിൽ നിന്നും റോഡ് നികുതിയായി ലഭിക്കേണ്ടത് 3 കോടിയോളം രൂപയാണ്. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 അനുസരിച്ച്, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ സൂക്ഷിച്ചാൽ, കാർ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ നികുതി അടയ്ക്കേണ്ടതായുണ്ട്. എന്നാൽ ഈ വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തി ബെംഗളൂരുവിൽ ഒരു വർഷം കഴിഞ്ഞിട്ടും നികുതി അടച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളത്. വാഹന ഉടമകളിൽ നിന്നും നികുതി ഈടാക്കാനുള്ള നടപടി ആരംഭിച്ചു എന്ന് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Discussion about this post