ശ്രീനഗർ: സൈനികനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള 500ലധികം പേരെ പിടികൂടി. കഴിഞ്ഞ ദിവസമാണ് കുൽഗാമിൽ സൈനികൻ മൻസൂർ അഹമ്മദ് വാജിനും കുടുംബത്തിനും നേരെ ഭീകരാക്രമണം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ പോലീസ് കുൽഗാമിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഭീകര സംഘടനകളുമായി ബന്ധമുള്ളവരെ പിടികൂടിയത്. ഭീകര സംഘടനകളുമായി നേരിട്ട് ബന്ധമുള്ളവർ, ഭീകരർക്ക് സഹായം ചെയ്യുന്നവർ, മുൻഭീകരർ, ഭീകര നേതാക്കളുടെ ആശയങ്ങളോട് അനുഭാവം പുലർത്തുന്നവർ എന്നിങ്ങനെയുള്ളവർ പിടിയിലായവരിൽ ഉൾപ്പെടുന്നു.
പിടിയിലായ മുഴുവൻ പേരെയും സേനാംഗങ്ങൾ ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇവരിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഇ ത്വയ്ബയുടെ സഹസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ( ആർടിഎഫ്) രംഗത്ത് എത്തിയിട്ടുണ്ട്. അതിനാൽ ഈ സംഘടനകളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് ഊർജ്ജിത അന്വേഷണം.
ടെറിറ്റോറിയൽ ആർമി വിഭാഗത്തിലെ സൈനികനാണ് മൻസൂർ അഹമ്മദ് വാജ്. കുൽഗാമിലെ ബെഹിബാഗ് ഗ്രാമത്തിൽ വച്ചായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും നേരെ ഭീകരാക്രമണം ഉണ്ടായത്. കുടുംബത്തോടൊപ്പം യാത്ര പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മൻസൂർ വീരമൃത്യുവരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഐന അക്തറും, 13 വയസ്സുള്ള മകൾ സൈന ഹമീദും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത തുടരുകയാണ്. ഭീകരർക്കായുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. പ്രദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post