ന്യൂഡൽഹി: വർഷങ്ങൾ നീണ്ട ദുരിത ജീവിതം അവസാനിച്ചതിന്റെ ആശ്വാസത്തിൽ ഇഖ്ര ജമാൽ. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിൽ അകപ്പെട്ട ഇന്ത്യക്കാരിയായ ഇഖ്ര ജന്മനാട്ടിലേക്ക് തിരികെയെത്തിയത്. രണ്ടര വയസ്സുള്ള കുഞ്ഞും ഇഖ്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
2021 മുതൽ അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുക ആയിരുന്നു ഇഖ്ര ജമാൽ. മൂന്ന് വർഷത്തിന് ശേഷമാണ് ജന്മനാട്ടിലേക്ക് തിരികെ മടങ്ങാൻ ഇഖ്രയ്ക്ക് കഴിഞ്ഞിരിക്കുന്നത്. അഫ്ഗാൻ സ്വദേശിയെ വിവാഹം ചെയ്ത് ഇന്ത്യ വിട്ടതായിരുന്നു ഇഖ്ര. എന്നാൽ താലിബാൻ ഭരണം ജീവിതം ദുസ്സഹമാക്കി. ഇതോടെ തിരികെ ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
2021 ൽ ആയിരുന്നു ഇഖ്ര അഫ്ഗാൻ സ്വദേശിയെ വിവാഹം ചെയ്തത്. ഇതിന് പിന്നാലെ അഫ്ഗാനിലേക്ക് പോകുകയായിരുന്നു. 2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ സ്ത്രീകൾക്ക് മേൽ കിരാത നിയമങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇത് ഇഖ്രയെയും ബാധിച്ചു. അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്ക് അപ്പോൾ തന്നെ മടങ്ങാൻ തീരുമാനിച്ചെങ്കിലും കഴിയാതെ വരികയായിരുന്നു. ഇന്ത്യയിലേക്ക് അഫ്ഗാനിലെ ഇന്ത്യക്കാരുമായി പോയ വിമാനത്തിൽ കയറാൻ ഇഖ്രയ്‌ക്കോ ഭർത്താവിനോ കഴിഞ്ഞില്ല. ഇതോടെ അവിടെ കുടുങ്ങുകയായിരുന്നു.
പിന്നീടുള്ള നാളുകളിൽ ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമായി. താലിബാന്റെ കിരാത നിയമങ്ങൾ മറ്റ് അഫ്ഗാൻ സ്ത്രീകളെ പോലെ ഇഖ്രയ്ക്കും പാലിക്കേണ്ടതായി വന്നു. ഇതിനിടെ 2022 ജനുവരിയിൽ ഗർഭിണിയാണെന്ന് ഇഖ്ര തിരിച്ചറിയുകയായിരുന്നു. അപ്പോഴേയ്ക്കും അഞ്ച് മാസം പിന്നിട്ടിരുന്നു. തുടർന്ന് ഇവിടെ തന്നെ തുടരുകയായിരുന്നു.
ജോലിയില്ലാത്തതിനാൽ നിത്യ ചിലവിന് പോലും പണം തികയാത്ത അവസ്ഥ ഇഖ്രയ്ക്ക് ഉണ്ടായി. ഇതിനിടെ ഗർഭിണിയാണെന്ന വാർത്ത യുവതിയെ മാനസികമായി വലിയ വിഷമത്തിലാക്കിയിരുന്നു. ഇഖ്രയുടെ ദുരിതം തിരിച്ചറിഞ്ഞ രാഹുൽ കപൂർ ആയിരുന്നു സഹായത്തിനായി ഒപ്പമുണ്ടായിരുന്നത്. രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യക്കാർ ചേർന്ന് പണം സമാഹരിച്ച് ഇഖ്രയ്ക്ക് നൽകി. ഗർഭകാലത്തെ ആശുപത്രി ചിലവുകൾക്ക് ഈ പണം ഉപകരിച്ചു. കുഞ്ഞിന്റെ ആവശ്യങ്ങൾക്കായുള്ള പണവും ഇങ്ങനെയാണ് ലഭിച്ചിരുന്നത്. തുടർന്നും ഇന്ത്യക്കാരുടെ സഹായം ഇഖ്രയ്ക്ക് ലഭിച്ചു.
ഇതിനിടെ ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം ഇഖ്ര രാഹുലിനോട് പറയുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്നാണ് യുവതിയ്ക്ക് ജന്മാനാട്ടിൽ തിരികെ എത്താൻ കഴിഞ്ഞത്. ‘ വലിയ ഭയത്തോടെ ആയിരുന്നു അഫ്ഗാനിലെ നാളുകൾ തള്ളി നീക്കിയത് എന്ന് ഇഖ്ര പറയുന്നു. ഈ സമയം വലിയ മാനസിക സംഘർഷവും അനുഭവിച്ചിരുന്നു. താലിബാൻ ഭരണത്തിലേറിയതിന് ശേഷമുള്ള നാളുകൾ വലിയ ദുസ്സഹമായിരുന്നുവെന്നും ഇഖ്ര വ്യക്തമാക്കി.
21 വർഷം നീണ്ട യുദ്ധത്തിനൊടുവിലാണ് അഫ്ഗാനിൽ താലിബാൻ ഭരണം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ രാജ്യത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. ഭരണത്തിലേറിയ ആദ്യ നാൾ മുതൽ സ്ത്രീകൾക്കെതിരെ കർശന നിയന്ത്രണങ്ങൾ ആണ് താലിബാൻ നടപ്പിലാക്കിയിരുന്നത്. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് ഉൾപ്പെടെ താലിബാൻ വിലക്കിയിരുന്നു.
Discussion about this post