കൽക്കാജി നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ആംആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിച്ച മുഖ്യമന്ത്രി അതിഷിക്കെതിരെ വിമർശനവും ട്രോളുകളും ഉയരുന്നു. എഎപിയിലെ അതികായന്മാരായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കം നിരവധിപേർ തോറ്റ് തുന്നം പാടിയിരിക്കുമ്പോഴാണ് അതിഷി,വ്യക്തിഗതമായ ആഘോഷം നടത്തിയത്. ഡിജെ ലൈറ്റിന്റെ അകമ്പടിയോടെയായിരുന്നു ആഘോഷം. അതിഷി വാഹനത്തിന് മുകളിൽ നിന്ന് പ്രവർത്തകർക്കൊപ്പം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിൻറെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എ.എ.പി രാജ്യസഭാംഗം സ്വാതി മലിവാളാണ് അതിഷിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ‘എന്തൊരു നാണംകെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി മർലീന ഇങ്ങനെ ആഘോഷിക്കുകയാണെന്ന് സ്വാതി മാലിവാൾ കുറ്റപ്പെടുത്തി.
വോട്ടെണ്ണൽ തുടങ്ങി അവസാനം വരെ അതിഷി പിന്നിലായിരുന്നു. എഎപിക്കും കോൺഗ്രസിനും മണ്ഡലത്തിൽ വനിതാ സ്ഥാനാർഥികളായിരുന്നു.ഡൽഹിയിൽ വൻ ഭൂരിപക്ഷത്തിൽ അരവിന്ദ് കെജ്രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും ഡൽഹിയിലേത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നുമായിരുന്നു അതിഷി വോട്ടെണ്ണലിന് മുൻപ് പ്രതികരിച്ചിരുന്നത്.52,154 വോട്ടുകൾ നേടിയാണ് അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത്. ബിജെപിയുടെ രമേഷ് ബിധുഡിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത
എന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കൽക്കാജിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ‘ബാഹുബലി’നെതിരെ പ്രവർത്തിച്ച എൻറെ ടീമിനെ ഞാൻ അഭിനന്ദിക്കുന്നു. ജനങ്ങളുടെ വിധി ഞങ്ങൾ അംഗീകരിക്കുന്നു. ഞാൻ വിജയിച്ചു, പക്ഷേ ആഘോഷിക്കാനുള്ള സമയമല്ലിത്. മറിച്ച് ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനും ഗുണ്ടായിസത്തിനുമെതിരായ ‘യുദ്ധം’ തുടരാനുള്ള സമയമാണെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ അതിഷി പ്രതികരിച്ചത്. അതിൽ നിന്നും വിഭിന്നമായ പെരുമാറ്റമാണ് അതിഷിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.









Discussion about this post