അബുദാബി: വളരെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആകര്‍ഷകമായ വാഗ്ദാനങ്ങളുള്‍പ്പെടുന്ന ബ്‌ളൂ വിസയുമായി യുഎഇ. ഇന്നലെ നടന്ന 2025 വേള്‍ഡ് ഗവണ്‍മെന്റ്സ് സമ്മിറ്റിലാണ് യുഎഇയില്‍ പത്ത് വര്‍ഷത്തോളം താമസിക്കാനുള്ള അവസരമേകുന്ന പുതിയ വിസയുടെ ആദ്യ ഘട്ടം അവതരിപ്പിച്ചത്. യുഎഇയിലെ ജനപ്രിയ വിസകളായ ഗോള്‍ഡന്‍ വിസ, ഗ്രീന്‍ റെസിഡന്‍സീസ് എന്നിവയുടെ തുടര്‍ച്ചയായാണ് പുതിയ വിസ പുറത്തിറക്കിയിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയില്‍ യുഎഇയിക്ക് അകത്തും പുറത്തുമായി മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് ബ്‌ളൂ വിസയിലൂടെ പത്ത് വര്‍ഷത്തെ റെസിഡന്‍സി വിസ നല്‍കുന്നത്. സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നൂതന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവരുമായ 20 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബ്ലൂ വിസ നല്‍കുന്നതെന്ന് കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മന്ത്രാലലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയും (ഐസിപി) എന്നിവര്‍ വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര സംഘടനകള്‍, കമ്പനികള്‍, എന്‍ജിഒകള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവരും പുരസ്‌കാര ജേതാക്കളും ഗവേഷകരും ബ്‌ളൂ വിസയ്ക്ക് അര്‍ഹരാണ്.
താത്പര്യമുള്ളവര്‍ ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. യുഇഎയിലെ യോഗ്യതയുള്ള അധികാരികള്‍ക്ക് നോമിനേറ്റ് ചെയ്യാവുന്നതുമാണ്. ഐസിപി വെബ്സൈറ്റിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും 24 മണിക്കൂറും ബ്ലൂ വിസാ സേവനങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
Discussion about this post